ലണ്ടൻ: തോറ്റ് തോറ്റ് തുന്നംപാടി നിൽക്കുന്ന തങ്ങളുടെ ക്രിക്കറ്റ് ടീം കുറച്ചെങ്കിലും സീരിയസ് ആവാനായി സോഷ്യൽ മീഡിയ കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് ശ്രീലങ്കൻ ആരാധകർ. ശനിയാഴ്ച സതാംപ്റ്റണിൽ ഇംഗ്ലണ്ടിനോട് 89 റൺസിന് തോറ്റ് ട്വൻറി20 പരമ്പര 3-0ത്തിന് അടിയറവ് വെച്ചതോെടയാണ് ആരാധകരുടെ കലി ഇരട്ടിയായത്.
ട്വൻറി20യിൽ ഇത് തുടർച്ചയായി അഞ്ചാം പരമ്പരയാണ് ലങ്ക തോറ്റത്. ഇതോടെ 'അൺഫോളോ ക്രിക്കറ്റേഴ്സ്' ഹാഷ് ടാഗ് ഫേസ്ബുക്കിലടക്കം ട്രൻഡിങ്ങായി മാറി. ആയിരക്കണക്കിന് ആരാധകർ ഉപനായകൻ കുശാൽ മെൻഡിസ്, ഓപണർ ധനുഷ്ക ഗുണതിലക എന്നിവരടമടക്കമുള്ള താരങ്ങളുടെ ഫേസ്ബുക്ക് പേജുകൾ അൺഫോളോ ചെയ്തു.
പരാജിതരായ ലങ്കൻ ക്രിക്കറ്റ് താരങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുള്ള ഔദ്യോഗിക അക്കൗണ്ടുകൾ അൺഫോളോ ചെയ്യുക എന്നതാണ് കാമ്പയിനിെൻറ ലക്ഷ്യമെന്ന് ന്യുസ്സെൻറർ.എൽകെ റിപ്പോർട്ട് ചെയ്തു. ദേശീയ ടീമിെൻറ മത്സരങ്ങൾ ആരും ടി.വിയിൽ കാണരുതെന്ന സന്ദേശമുള്ള മീമുകളും പങ്കുവെക്കപ്പെടുന്നുണ്ട്.
'ഈ തോൽവികളായ താരങ്ങളെ അൺഫോളോ ചെയ്യുക. രാജ്യത്തിനായി നന്നായി കളിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവർക്ക് സോഷ്യൽ മീഡിയയിൽ അത്ര പ്രാധാന്യം നൽകണ്ടേതില്ല. അവർ വലിയ ആരാധക പിന്തുണ അർഹിക്കുന്നില്ല'- അഹമദ് ഇനാമുൽ ഹഖ് ട്വീറ്റ് ചെയ്തു.
സീനിയർ താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയിലുള്ള ഏറ്റവും മോശം പ്രകടനമാണ് ലങ്കൻ ടീം നടത്തുന്നതെന്നാണ് വിലയിരുത്തൽ. 'ഞാൻ 1993 മുതൽ ക്രിക്കറ്റ് കാണുന്നയാളാണ്. ഇത്രയും ദുർബലമായ ലങ്കൻ ടീമിനെ ഞാൻ കണ്ടിട്ടില്ല' -കായിക റിപ്പോർട്ടറായ മഞ്ജുള ബസനായകെ ട്വിറ്ററിൽ കുറിച്ചു.
2018 ഒക്ടോബറിന് ശേഷം 10 ട്വൻറി20 പരമ്പരകൾ കളിച്ച ലങ്കക്ക് ഒന്നിൽ മാത്രമാണ് ജയിക്കാനായത്. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ് എന്നീ ടീമുകളോട് രണ്ട് തവണ പരമ്പര തോറ്റു. ആസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവർ ഒരോ തവണയും തോൽപിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 180 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ലങ്ക 91ന് കൂടാരം കയറി. ലോക ജേതാക്കളായ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ലങ്ക കളിക്കുന്നുണ്ട്. ചെസ്റ്റർ ലെ സ്ട്രീറ്റിൽ ചൊവ്വാഴ്ചയാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.