വീണ്ടും അട്ടിമറി; ബംഗ്ലാദേശിനെതിരെ രണ്ടാം ട്വന്റി 20യിലും യു.എസിന് ജയം, പരമ്പര

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ രണ്ടാം ട്വന്റി 20യിലും അട്ടിമറി ജയവുമായി യു.എസ്. ആറ് റൺസിന്റെ ജയമാണ് യു.എസ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര യു.എസ് സ്വന്തമാക്കി. യു.എസ് ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ 78ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ, പിന്നീടുള്ള എട്ട് വിക്കറ്റുകളും 60 റൺസിനുള്ളിൽ ബംഗ്ലാദേശിന് നഷ്ടമായി. 138 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ടായതോടെ ജയവും പരമ്പരയും യു.എസിന് ലഭിച്ചു.

ഫാസ്റ്റ് ബൗളർ അലി ഖാനാണ് യു.എസിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകിയത്. 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് അലി ഖാൻ നേടിയത്. ക്യാപ്റൻ നജ്മുൽ ഹുസൈൻ അടക്കമുള്ളവരുടെ നിർണായക വിക്കറ്റുകൾ പിഴുത് അലി ഖാൻ യു.എസിന് ജയമൊരുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുക്കാനെ കഴിഞ്ഞുവെങ്കിലും ബൗളിങ്ങിൽ മികച്ച തുടക്കമാണ് യു.എസിന് ലഭിച്ചത്. ബംഗ്ലാദേശിന്റെ ഓപ്പണർ സൗമ്യ സർക്കാറിനെ റണ്ണെടുക്കാൻ അനുവദിക്കാതെ അവർ കൂടാരം കയറ്റി. പിന്നാലെ തൻസിദ് ഹസനെ കൂടി വീഴ്ത്തി യു.എസ് പ്രതീക്ഷകൾ സജീവമാക്കി.

എന്ന, പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന ബംഗ്ലാദേശ് 78 റൺസ് വരെ വിക്കറ്റ് നഷ്ടമില്ലാതെ നോക്കി. പക്ഷേ ഇതിന് ശേഷം കണ്ടത് ബംഗ്ലാദേശിന്റെ കൂട്ടതകർച്ചയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിലേക്ക് യു.എസ് തിരിച്ചു വന്നു. ഒടുവിൽ ആറ് റൺസിന്റെ ജയവും പരമ്പരയും നേടിയാണ് യു.എസ് മടങ്ങിയത്. ബംഗ്ലാദേശ് നിരയിൽ 36 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹുസൈനാണ് ടോപ്പ് സ്കോറർ.

നേരത്തെ 38 പന്തിൽ 48 റൺസെടുത്ത ക്യാപ്റ്റൻ മൊണാക് പട്ടേലിന്റെ പ്രകടനമാണ് യു.എസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സ്റ്റീവൻ ടെയ്‍ലർ 31 റൺസും ആരോൺ ജോൺസ് 35 റൺസുമെടുത്തു. പരമ്പരയിലെ അവസാന മത്സരം ജൂൺ ഒന്നിന് നടക്കും.

നേരത്തെ ആദ്യ ട്വന്റി 20യിൽ യു.എസ് ജയം നേടിയിരുന്നു. അഞ്ച് വിക്കറ്റിനാണ് അന്ന് യു.എസ് ജയിച്ചത്. പിന്നാലെ ഇന്ത്യൻ വംശജർ കൂടുതൽ അടങ്ങിയ ടീമിനെ അഭിനന്ദിച്ച് ഇന്ത്യൻ ആരാധകർ രംഗത്തെത്തിയിരുന്നു. യു.എസ് നായകൻ മൊനാങ്ക് പട്ടേൽ, ടീം അംഗങ്ങളായ ഹർമീത് സിങ്, ജസ്ദീപ് സിങ്, നോസ്തുഷ് കെൻജിഗെ, സൗരബ് നേത്രവാൽക്കർ തുടങ്ങിയവരെല്ലാമാണ് യു.എസ് ടീമിലെ ഇന്ത്യൻ വംശജർ.

Tags:    
News Summary - USA stun Bangladesh to win T20 series in Houston

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.