‘എല്ലാ ജീവനും തുല്യമാണ്...’; ഉസ്മാൻ ഖ്വാജ പിന്നോട്ടില്ല; ഗസ്സക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പുതുവഴി കണ്ടെത്തി താരം

പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിൽ ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി "എല്ലാ ജീവനും തുല്യമാണ്", "സ്വാതന്ത്ര്യം ഒരു മനുഷ്യാവകാശം" എന്നീ സന്ദേശങ്ങളുള്ള ഷൂ ധരിക്കുന്നതിൽനിന്ന് ആസ്ട്രേലിയൻ താരം ഉസ്മാൻ ഖ്വാജയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വിലക്കിയിരുന്നു. തുടർന്ന് ഒരു കറുത്ത ആംബാൻഡ് ധരിച്ചാണ് താരം കളത്തിലിറങ്ങിയത്.

ഐ.സി.സിയുടെ ശാസനയെ തുടർന്ന് അതിന് ഗസ്സയുമായി ബന്ധമില്ലെന്നും 'വ്യക്തിപരമായ വിയോഗം' കാരണമാണ് ബാൻഡ് ധരിച്ചതെന്നും താരം പറഞ്ഞിരുന്നു. സന്ദേശങ്ങൾക്ക് പകരം, സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ശാഖയുള്ള കറുത്ത പ്രാവിന്റെ ചിത്രം അടുത്ത ടെസ്റ്റ് മത്സരത്തിൽ പ്രദർശിപ്പിക്കാനും താരം അനുവാദം തേടിയിരുന്നു. അതും ഐ.സി.സി നിരസിച്ചിരുന്നു. എന്നാൽ, ഇതൊന്നും താരത്തെ തളർത്തിയില്ല. ഗസ്സയിലെ ജനങ്ങൾക്കുള്ള പിന്തുണ പ്രകടിപ്പിക്കാൻ ഒടുവിൽ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് താരം.

നാട്ടിലെ ഒരു വസ്ത്ര നിർമാണ കമ്പനിയുമായി ചേർന്ന് ‘സ്വാതന്ത്ര്യവും സമത്വവും’ എന്ന പേരിൽ പുതിയൊരു ബ്രാൻഡ് പുറത്തിയിരിക്കുകയാണ് താരം. "എല്ലാ ജീവനും തുല്യമാണ്", "സ്വാതന്ത്ര്യം ഒരു മനുഷ്യാവകാശം" എന്നീ സന്ദേശങ്ങൾ എഴുതിയ ഖ്വാജയുടെ ഷൂവിന്‍റെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടുകളാണ് കമ്പനി പുറത്തിറക്കിയത്. ടീ ഷർട്ട് വിൽപനയിൽനിന്ന് ലഭിക്കുന്ന ലാഭം ഗസ്സയിലെ കുട്ടികളെ സഹായിക്കാനുള്ള യുനിസെഫിന്‍റെ പദ്ധതികൾക്കായി നൽകുമെന്നും താരം സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.

നേരത്തെ, സഹതാരം മർനസ് ലബുഷെയ്ന്റെ ബാറ്റിലുള്ള കഴുകനും ബൈബിൾ വാക്യവും ദക്ഷിണാഫ്രിക്ക ഓൾറൗണ്ടർ കേശവ് മഹാരാജിന്റെ ബാറ്റിലുള്ള ‘ഓം’ ചിഹ്നവും ചൂണ്ടിക്കാട്ടി ഐ.സി.സിയുടെ ഇരട്ടത്താപ്പിൽ ഖ്വാജ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഖ്വാജയെ പിന്തുണക്കുന്ന നിലപാടാണ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സഹതാരങ്ങളും സ്വീകരിച്ചത്.

‘ഉസ്സിക്ക് (ഉസ്മാൻ ഖ്വാജ) ഞങ്ങൾ പൂർണ പിന്തുണ നൽകുന്നു. അദ്ദേഹത്തിന്‍റെ വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കും വേണ്ടിയാണ് ഖ്വാജ നിലകൊള്ളുന്നത്. അത് വളരെ മാന്യമായിത്തന്നെയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഞാൻ കരുതുന്നു’ -പാറ്റ് കമ്മിൻസ് പറഞ്ഞു.

Tags:    
News Summary - Usman Khawaja Finds A Different Way To Spread 'All Lives Are Equal' Message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.