ഫലസ്തീൻ അനുകൂല മുദ്രാവാക്യമെഴുതിയ ഷൂ വിലക്കിയ ഐ.സി.സി നടപടിയിൽ വൈകാരിക പ്രതികരണവുമായി ആസ്ട്രേലിയൻ ഓപണിങ് ബാറ്റർ ഉസ്മാൻ ഖ്വാജ. പരിശീലന സെഷനുകളിൽ താരം അണിഞ്ഞ ഷൂകളിൽ ‘എല്ലാ ജീവനും തുല്യമാണ്, സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്’ എന്നീ വാചകങ്ങൾ കുറിച്ചിരുന്നു. പാകിസ്താനെതിരെ പെർത്തിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ ഈ ഷൂ ധരിച്ച് ഇറങ്ങാനിരിക്കെയാണ് ഐ.സി.സി മുന്നറിയിപ്പ്. താൻ പക്ഷം പിടിക്കുകയല്ലെന്നും തന്റേത് രാഷ്ട്രീയ പ്രസ്താവനയെല്ലെന്നും പറഞ്ഞ ഖ്വാജ, ജൂതനോ മുസ്‍ലിമോ ഹിന്ദുവോ ആകട്ടെ, എല്ലാ ജീവനും തനിക്ക് തുല്യമാണെന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പ്രതികരിച്ചു.
‘ഷൂവിൽ ഞാൻ കുറിച്ചത് രാഷ്ട്രീയ പ്രസ്താവനയല്ല. ഞാൻ പക്ഷം പിടിക്കുകയുമല്ല. എന്നെ സംബന്ധിച്ച് എല്ലാ മനുഷ്യ ജീവനും തുല്യമാണ്. ഒരു ജൂതന്റെ ജീവിതം ഒരു മുസ്‍ലിം ജീവിതത്തിനും ഒരു ഹിന്ദു ജീവിതത്തിനുമെല്ലാം തുല്യമാണ്. ഞാൻ സംസാരിക്കുന്നത് ശബ്ദമില്ലാത്തവർക്ക് വേണ്ടിയാണ്. ഇക്കാര്യം പറയാനുള്ള അവകാശത്തിന് വേണ്ടി ഞാൻ പോരാടും. എല്ലാവർക്കും സ്വാതന്ത്ര്യമില്ലെങ്കിൽ എല്ലാ ജീവനും തുല്യമല്ല. ഗ്രൗണ്ടിൽ എന്റെ ഷൂ ധരിക്കാൻ പറ്റില്ലെന്ന് ഐ.സി.സി എന്നോട് പറഞ്ഞു. കാരണം ഇത് അവരുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് അവർക്ക് തോന്നുന്നു. എന്നാൽ, അങ്ങനെയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതൊരു മാനുഷികമായ അഭ്യർഥനയാണ്. അവരുടെ വീക്ഷണത്തെയും തീരുമാനത്തെയും ഞാൻ മാനിക്കുന്നു. എന്നാൽ, ഞാൻ അതിനോട് പോരാടുകയും അംഗീകാരം നേടുകയും ചെയ്യും. സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. എല്ലാ ജീവനും തുല്യമാണ്. നിങ്ങൾ എന്നോട് യോജിച്ചാലും ഇല്ലെങ്കിലും ഞാൻ വിശ്വസിക്കുന്ന കാര്യം മാറ്റില്ല’ -ഖ്വാജ വിഡിയോയിൽ പറഞ്ഞു.
താൻ ഖ്വാജയുമായി സംസാരിച്ചിരുന്നെന്നും പാകിസ്താനെതിരായ മത്സരത്തിൽ ആ പ്രസ്താവനയടങ്ങിയ ഷൂ അദ്ദേഹം ധരിക്കില്ലെന്ന് ഉറപ്പുനൽകിയതായും ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പറഞ്ഞു. അവന്റെ ഷൂസിൽ ‘എല്ലാ ജീവനും തുല്യമാണ്’ എന്നെഴുതിയത് വിഭജനമല്ലെന്ന് ഞാൻ കരുതുന്നു. ആർക്കെങ്കിലും അതിനെക്കുറിച്ച് കൂടുതൽ പരാതികൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എല്ലാ ജീവനും തുല്യമാണെന്ന വാചകത്തെ പിന്തുണക്കുന്നതായും കമ്മിൻസ് പറഞ്ഞു.
2014ൽ ഇംഗ്ലീഷ് ആൾറൗണ്ടർ മോയിൻ അലിയെ ഹോം ടെസ്റ്റിനിടെ ഗസ്സയുമായി ബന്ധപ്പെട്ട സന്ദേശങ്ങളുള്ള റിസ്റ്റ് ബാൻഡ് ധരിക്കുന്നതിൽനിന്ന് ഐ.സി.സി വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.