ഫോസിയയുടെ സ്നേഹനിധിയായ ശൈത്താൻ...; വാർണറും മാതാവും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തി ഉസ്മാൻ ഖ്വാജ

ആസ്ട്രേലിയൻ സൂപ്പർബാറ്റർ ഡേവിഡ് വാർണർ കരിയറിലെ അവസാന ടെസ്റ്റും പൂർത്തിയാക്കി മടങ്ങി. പാകിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 35കാരനായ വാർണർ 75 പന്തുകളിൽനിന്ന് 57 റൺസെടുത്താണ് പുറത്തായത്.

13 വർഷത്തെ ടെസ്റ്റ് കരിയറിനാണ് ഇതോടെ അവസാനമായത്. ഹെൽമറ്റിൽ ചുംബിച്ച് ബാറ്റുയര്‍ത്തി ഗാലറിയെ അഭിവാദ്യം ചെയ്ത് നടന്നുനീങ്ങുമ്പോൾ നിറഞ്ഞ കൈയടികളോടെ എഴുന്നേറ്റുനിന്നാണ് ഗാലറി വാർണറെ യാത്രയാക്കിയത്. ഗ്ലൗവും ഹെൽമറ്റും കളി കാണാനെത്തിയ ആരാധകന് സമ്മാനിക്കാനും താരം മറന്നില്ല. മൂന്നാം ടെസ്റ്റിൽ എട്ടു വിക്കറ്റിനായിരുന്നു ഓസീസ് ജയം. പാകിസ്താനെതിരായ പരമ്പര 3-0ത്തിനാണ് പാറ്റ് കമ്മിൻസും സംഘവും തൂത്തുവാരിയത്.

ടെസ്റ്റിനൊപ്പം ഏകദിന ക്രിക്കറ്റിൽനിന്നും വാർണർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20യിൽ തുടരുമെന്നാണ് വിവരം. ടെസ്റ്റിൽ 44.60 ശരാശരിയിൽ 8,786 റൺസാണ് വാർണർ നേടിയത്. 26 സെഞ്ച്വറികളും 37 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. മത്സരശേഷം ആത്മസുഹൃത്തായ വാർണറും തന്‍റെ മാതാവും തമ്മിലുള്ള സ്നേഹബന്ധത്തെ കുറിച്ച് സഹതാരവും ഓപ്പണറുമായ ഉസ്മാൻ ഖ്വാജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെട്ടത്. മത്സരശേഷം ഭാര്യക്കും മൂന്നു മക്കൾക്കുമൊപ്പം ഗ്രൗണ്ടിലെത്തിയ വാർണർ അവർക്കൊപ്പം ചേർന്ന് ഫോട്ടോയെടുക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നുണ്ട്.

എന്നാൽ, ഉസ്മാൻ ഖ്വാജയുടെ മാതാവ് ഫോസിയ താരീഖിനെ വാർണർ ആലിംഗനം ചെയ്യുന്ന രംഗമാണ് ആരാധകരുടെ മനംകവർന്നത്. ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തന്‍റെ മാതാവും വാർണറും തമ്മിലുള്ള ആത്മബന്ധം ഖ്വാജ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നുമുണ്ട്. മാതാവിന് വാർണറെ ഏറെ ഇഷ്ടമാണെന്നും തന്‍റെ ശൈത്താൻ (പിശാച്) എന്നാണ് വിളിക്കുന്നതെന്നും ഖ്വാജ പറഞ്ഞു. ‘വാർണർ എന്റെ മാതാവിനെ ചേർത്തുപിടിക്കുന്നു, അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു. സത്യസന്ധമായും അവനോടൊപ്പമുള്ള ബാറ്റിങ് ഞാൻ ഏറെ ആസ്വദിച്ചിരുന്നു, വാർണറിന്‍റേത് ആക്രമണ ബാറ്റിങ്ങായിരുന്നു’ -ഖ്വാജ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.

തന്‍റെ മാതാവിന് വാർണറെ ഏറെ ഇഷ്ടമാണെന്നും ശൈത്താൻ എന്നാണ് അവനെ വിളിച്ചിരുന്നതെന്നും ഖ്വാജ കൂട്ടിച്ചേർത്തു. വാർണറും ഖ്വാജയും തമ്മിലുള്ള സൗഹൃദത്തിന് 31 വർഷത്തെ പഴക്കമുണ്ട്. ആറാം വയസ്സിലാണ് ഇരുവരും പരിചയപ്പെടുന്നത്. വിവിധ ക്ലബുകൾക്കായി ഒരുമിച്ചു കളിച്ചു. പിന്നാലെയാണ് ഇരുവരും ഓസീസ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Tags:    
News Summary - Usman Khawaja Reveals His Mother's Special Bond With David Warner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.