ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ പേസർ വെങ്കടേശ് പ്രസാദ്. ബി.സി.സി.ഐ നയങ്ങളെ വിമർശിക്കവെ, പൊതുവെ അഴിമതിയില്ലാത്ത സ്ഥാപനത്തിന്റെ കഠിനാധ്വാനം എടുത്തുകളയാനും അഴിമതിയുടെ മുദ്ര പതിപ്പിക്കാനും അഴിമതിക്കാരനും അഹങ്കാരിയുമായ ഒരാളെ ആവശ്യമുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. രാഷ്ട്രീയം, കായികം, പത്രപ്രവർത്തകൻ, കോർപറേറ്റ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഇതുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെയാണ് എക്സിൽ നടത്തിയ വിമർശനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന വ്യാഖ്യാനങ്ങൾ വന്നതോടെ വിശദീകരണവുമായി മുൻ താരം രംഗത്തെത്തി.
താൻ ഒരു വ്യക്തിയെ ഉദ്ദേശിച്ചില്ലെന്നും മൊത്തത്തിലുള്ള നിരീക്ഷണമാണെന്നും പ്രസാദ് വ്യക്തമാക്കി. ലോകകപ്പ് ടിക്കറ്റ് വിതരണത്തെയും മത്സരക്രമത്തെയും സംബന്ധിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്പർ ഫോറിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് റിസർവ് ദിനം നൽകിയതിനെയും പ്രസാദ് നിശിതമായി വിമർശിച്ചു. ‘നാണക്കേടാണിത്. രണ്ട് ടീമുകള്‍ക്ക് മാത്രമായി പ്രത്യേക നിയമമുണ്ടാക്കുന്നത് ശരിയല്ല. ആദ്യ ദിവസം മഴ പെയ്ത് മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റണം. എന്നിട്ട് അന്നും മഴ പെയ്ത് ഈ പദ്ധതി പൂര്‍ണമായും ഇല്ലാതാകണം. എന്നാല്‍ മാത്രമേ നീതി നടപ്പിലാകൂ’-പ്രസാദ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.