രാജ്കോട്ട്: ബാറ്റിങ്ങിലും ബൗളിങ്ങിലും ഉഗ്രൻപ്രകടനവുമായി മഹാരാഷ്ട്രയെ തകർത്ത് കേരളം വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടർ മത്സരത്തിൽ 153 റൺസിനായിരുന്നു ജയം. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ കേദാർ ജാദവ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ നാലു വിക്കറ്റിന് 383 റൺസെന്ന റെക്കോഡ് സ്കോറിലെത്തി. ഓപണർമാരായ കൃഷ്ണപ്രസാദിന്റെയും (144) രോഹൻ കുന്നുമ്മലിന്റെയും (120) ഉജ്ജ്വല സെഞ്ച്വറികളിലാണ് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ പിറന്നത്. മറുപടി ബാറ്റിങ്ങിൽ നന്നായി തുടങ്ങിയ മഹാരാഷ്ട്ര പിന്നീട് തകരുകയും 230ൽ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. കേരളത്തിനായി ശ്രേയസ് ഗോപാൽ നാലും വൈശാഖ് ചന്ദ്രൻ മൂന്നും വിക്കറ്റെടുത്തു. സൗരാഷ്ട്രയിൽ നാളെ നടക്കുന്ന ക്വാർട്ടറിൽ രാജസ്ഥാനാണ് എതിരാളികൾ.
രോഹനും കൃഷ്ണപ്രസാദും ഒന്നാം വിക്കറ്റിൽ ചേർത്തത് 218 റൺസ്. 35ാം ഓവറിലാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. 18 ഫോറും ഒരു സിക്സുമടക്കം 95 പന്തിൽ 120 റൺസെടുത്ത രോഹനെ ആസിം കാസിയുടെ പന്തിൽ സോഹൻ ജമേൽ പിടിച്ചു. 25 പന്തിൽ 29 റൺസ് നേടി ക്യാപ്റ്റൻ സഞ്ജു സാംസൺ രാമകൃഷ്ണൻ എറിഞ്ഞ 42ാം ഓവറിൽ ബൗൾഡായി മടങ്ങി. 44 ാം ഓവറിൽ പ്രസാദും പുറത്ത്. 13 ഫോറും നാലു സിക്സുമുൾപ്പെടെ 137 പന്തിൽ 144 റൺസടിച്ച കൃഷ്ണപ്രസാദിനെ പ്രദീപ് ദാധെയുടെ ഓവറിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ റാത്തോഡ് ക്യാച്ചെടുത്ത് മടക്കുമ്പോൾ സ്കോർ 308. പിന്നീട് വിഷ്ണു വിനോദും (23 പന്തിൽ 43) അബ്ദുൽ ബാസിത്തും (18 പന്തിൽ 35) നാലാം വിക്കറ്റിൽ പുറത്തെടുത്ത വെടിക്കെട്ട് കേരളത്തെ വീണ്ടും മുന്നോട്ടുനയിച്ചു.
ഓപണർമാരായ ഓം ഭോസലെയും (71 പന്തിൽ 78) കൗശൽ താംബെയും (52 പന്തിൽ 50) പിടിച്ചുനിന്നതോടെ കേരളവും കുഴങ്ങി. 21ാം ഓവറിൽ സ്കോർ 139ൽ നിൽക്കെ കൗശൽ റണ്ണൗട്ടായതോടെ ഇവരുടെ തകർച്ചയും തുടങ്ങി. ഭോസലെയും പുറത്തായതിനുശേഷം വന്നവരാരും കൂടുതൽ നേരം പിടിച്ചുനിന്നില്ല. ബേസിൽ തമ്പിയും അഖിൻ സത്താറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
കേരളത്തിന് നേരിട്ട് ക്വാർട്ടറിലെത്താൻ അവസരമുണ്ടായിരുന്നെങ്കിലും ഗ്രൂപ് റൗണ്ടിൽ മുംബൈയോടേറ്റ തോൽവിയാണ് പ്രീക്വാർട്ടറിലെത്തിച്ചത്. മറ്റൊരു പ്രീക്വാർട്ടറിൽ ഗുജറാത്തിനെ ബംഗാൾ എട്ടു വിക്കറ്റിനും നിലംപരിശാക്കി. നാലു ക്വാർട്ടർ മത്സരങ്ങളും നാളെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.