ന്യൂഡൽഹി: തിങ്കളാഴ്ച നേപ്പാളിനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ ഫീൽഡർ എന്ന നിലയിൽ വിരാട് കോഹ്‌ലിക്ക് മോശം തുടക്കമായിരുന്നു. എന്നാൽ ചെയ്ത തെറ്റിന് അദ്ദേഹം ആ ഗ്രൗണ്ടിൽ തന്നെ പരിഹാരം ചെയ്ത് തിരിച്ചുവന്നു. രണ്ടാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ നേപ്പാൾ ഓപണർ ആസിഫ് ഷെയ്ഖിനെ വിട്ടുകളഞ്ഞ കോഹ്ലി സിറാജിന്റെ ഓവറിൽ തന്നെ ആസിഫ് ഷെയ്ഖിനെ മടക്കിയയക്കുകയായിരുന്നു. ഷോർട്ട് കവറിൽ ഉയർന്ന് പൊങ്ങി മനോഹരമായ ഒറ്റക്കൈയ്യന്‍ ക്യാച്ച്.
ആ തിരച്ചുവരവ് ഒരു റെക്കോർഡ് പുസ്തകത്തിലേക്ക് കൂടിയായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ശേഷം മൾട്ടി-നേഷൻ ടൂർണമെന്റുകളിൽ നോൺ കീപ്പറായി 100 ക്യാച്ചുകൾ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനായി കോഹ്‌ലി മാറി. 80 ക്യാച്ചുകൾ സ്വന്തമാക്കിയ രോഹിത് ശർമ്മയാണ് മൂന്നാമത്.
അതോടൊപ്പം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ താരമെന്ന ബഹുമതിയും കോഹ്‌ലി തേടിയെത്തി.
142 ക്യാച്ചുകൾ സ്വന്തം പേരിലുള്ള ന്യൂസിലാൻഡ് താരം റോസ് ടെയ്ലറിനെ മറികടന്നാണ് കോഹ്‌ലി(143) നാലമതെത്തിയത്. 156 ക്യാച്ചുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് കോഹ്‌ലിക്ക് മുകളിൽ മൂന്നാമതുള്ളത്. 218 ക്യാച്ചുകൾ സ്വന്തമാക്കിയ മുൻ ശ്രീലങ്കൻ താരം മഹേല ജയവർധനയാണ് പട്ടികയിൽ ഒന്നാമത്. മുൻ ആസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കിപോണ്ടിങ്ങാണ് (160) രണ്ടാമത്. 140 ക്യാച്ചുമായി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പട്ടികയിൽ ആറാം സ്ഥാനത്താണ്.
അതേസമയം, ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മോശം ഫീൽഡിങ് ആയിരുന്നു. ആദ്യ അഞ്ച് ഓവറിനുള്ളില്‍ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടുകളഞ്ഞത്. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, ഇഷാൻ കിഷൻ എന്നിവരാണ് ക്യാച്ച് വിടുന്നതിൽ മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.