ബംഗളൂരു: ഐ.പി.എൽ മെഗാ താരലേലത്തിനു മുന്നോടിയായി ബംഗളൂരു റോയൽ ചലഞ്ചേഴ്സ് നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ ചരിത്ര നേട്ടം സ്വന്തമാക്കി സൂപ്പർതാരം വിരാട് കോഹ്ലി. കോഹ്ലി ഉൾപ്പെടെ മൂന്നു താരങ്ങളെ മാത്രമാണ് ടീം നിലനിർത്തിയത്.
വിദേശ താരങ്ങളിൽ ഒരാൾപോലും ടീമിലില്ല. 21 കോടി രൂപ നൽകിയാണ് കോഹ്ലിയെ നിലനിർത്തിയത്. ഐ.പി.എല്ലിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. 20 കോടി രൂപക്ക് മുകളിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നതും ആദ്യം. 2017-2021 വരെ 17 കോടി രൂപയാണ് ആർ.സി.ബി കോഹ്ലിക്ക് നൽകിയിരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ കെ.എൽ. രാഹുലിന് ലഖ്നോ സൂപ്പർ ജയന്‍റ്സും 17 കോടി രൂപ നൽകിയിരുന്നു. ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജദേജ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ എന്നിവരെയും 18 കോടി നൽകിയാണ് ടീമുകൾ നിലനിർത്തിയത്.
കഴിഞ്ഞ സീസണിൽ ആസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെ 24.75 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള റെക്കോഡ്. പാറ്റ് കമ്മിൻസിനെ 20.5 കോടിക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിയത്. ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായിരുന്നു താരങ്ങളുടെ വില 20 കോടി കടന്നത്. നിലവിൽ ടീമുകൾ നിലനിർത്തിയ താരങ്ങളിൽ ഏറ്റവും വിലയേറിയ താരം സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ ഹെൻറിച് ക്ലാസനാണ് -23 കോടി.
കൂടാതെ, കോഹ്ലി ബംഗളൂരിവിന് വേണ്ടി 18ാം സീസണിലാണ് കളിക്കാനിങ്ങുന്നത്. ഇതും റെക്കോഡാണ്. യുവ ബാറ്റർ രജത് പട്ടീദാർ (11 കോടി), പേസർ യാഷ് ദയാൽ (അഞ്ചു കോടി) എന്നിവരാണ് ബംഗളൂരു നിലനിർത്തിയ മറ്റു താരങ്ങൾ. നിലവിലെ നായകൻ ഫാഫ് ഡുപ്ലെസിസിനെ ടീം ഒഴിവാക്കി. 83 കോടി രൂപ ടീമിന്‍റെ പഴ്സിയിൽ ഇനി ബാക്കിയുണ്ട്. ലേലത്തിൽ ആർ.ടി.എം ഓപ്ഷൻ വഴി ടീമിന് രണ്ടു താരങ്ങളെ നിലനിർത്താനാകും.
ആസ്ട്രേലിയൽ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ് വെൽ, ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്, കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്, വിൽ ജാക്സ് ഉൾപ്പെടെ 21 താരങ്ങളെയാണ് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.