മുംബൈ: നോൺ സ്ട്രൈക്കർ എൻഡിൽനിന്ന് നോക്കുമ്പോൾ മറുവശത്ത് ചറപറ സിക്സറുകളും ബൗണ്ടറികളും പറപറക്കുന്നത് എന്തൊരു മനോഹരമായ കാഴ്ചയാണ്...വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി ആ കാഴ്ച കണ്ട് മനംമയങ്ങി നിൽക്കുകയായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലി. അത്രയും മനോഹരമായിരുന്നു ദേവ്ദത്ത് പടിക്കൽ വാംഖഡെയിൽ ചൊരിഞ്ഞ സെഞ്ച്വറി പ്രകടനം. ഒറ്റ വിക്കറ്റുപോലും നഷ്ടമാകാതെ രാജസ്ഥാൻ റോയൽസിനെ തകർത്തു തരിപ്പണമാക്കുമ്പോൾ ക്യാപ്റ്റെൻറ വിശ്വാസം കാത്ത പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് മലയാളിയായ ദേവ്ദത്ത്. അതും മറ്റൊരു മലയാളിയായ സഞ്ജു സാംസൺ നയിച്ച ടീമിനെ.
''ആവേശം ജ്വലിപ്പിച്ച് മറുവശത്ത് കോഹ്ലി നിൽക്കുമ്പോൾ നമ്മൾ എങ്ങനെയാണ് കളിക്കാതിരിക്കുക..?'' ക്യാപ്റ്റൻ നൽകിയ പിന്തുണയെക്കുറിച്ച് ദേവ്ദത്ത്. ഒട്ടും ധൃതിയില്ലാത്ത ശരീരഭാഷയാണ് ദേവ്ദത്തിേൻറത്. എവിടെയോ നാണം കുണുങ്ങി നിൽക്കുന്നതുപോലൊരു മട്ടും ഭാവവും. രാജസ്ഥാൻ ഉയർത്തിയ 177 റൺസ് പൊരുതാവുന്ന സ്കോർ ആയിരുന്നു. പക്ഷേ, കോഹ്ലിക്കൊപ്പം പതിവുപോലെ സാവധാനം ക്രീസിലെത്തിയ ദേവ്ദത്ത് മറ്റൊരാളായിരുന്നു.
ആദ്യ ഓവറിൽ കോഹ്ലി സിക്സ് പായിച്ച് ആവേശം കൊളുത്തിയതോടെ ദേവ്ദത്തിനും നിൽക്കപ്പൊറുതിയില്ലാതായി. തുടരത്തുടരെ ബൗണ്ടറികൾ. ഇടക്ക് സിക്സറുകളിലേക്കും പന്ത് പാഞ്ഞു നടന്നു. 27ാമത്തെ പന്തിൽ അർധസെഞ്ച്വറി കുറിക്കുമ്പോൾ മറുവശത്ത് കളിയാസ്വദിച്ചു നിന്ന കോഹ്ലി വെറും 19 റൺസിൽ എത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. രാഹുൽ തെവാട്ടിയയെ തുടർച്ചയായി രണ്ടു തവണ സിക്സറിന് പറത്തി എഴുപതു കടന്നു. 51ാമത്തെ പന്തിൽ മുസ്തഫിസുറിനെ ബൗണ്ടറി കടത്തി ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി കുറിക്കുമ്പോൾ മറുവശത്ത് അർധസെഞ്ച്വറിയുമായി ദേവ്ദത്തിെൻറ കളി ആസ്വദിക്കുകയായിരുന്നു കോഹ്ലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.