മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. 16 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് അന്ന് 19 വയസ്സ് മാത്രമുള്ള കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.
അവിടെ തുടങ്ങുന്നു കിങ് കോഹ്ലിയിലേക്കുള്ള വിരോചിത യാത്ര. 16 വർഷത്തെ ഇതിഹാസ കരിയറിൽ താരം ഒട്ടനവധി റെക്കോഡുകളാണ് സ്വന്തം പേരിലാക്കിയത്. അണ്ടർ -19 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടി കൊടുത്തതിനു പിന്നാലെയാണ് താരം ദേശീയ ടീമിലെത്തുന്നത്. 2008 ആഗസ്റ്റ് 18ന് ഏകദിനത്തിൽ ശ്രീലങ്കക്കെതിരെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. 2011ൽ ലോകകപ്പ് നേടിയ ടീമിലും 2013 ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ടീമിലും ഈ വർഷം ട്വന്‍റി20 ലോകകപ്പ് നേടിയ ടീമിലും കോഹ്ലിയുണ്ടായിരുന്നു. ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ലീഗിൽ താരം കളിക്കുന്നുണ്ട്.
ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഐ.പി.എല്ലിലെ തന്‍റെ ഇഷ്ട എതിരാളികളുടെ പേര് വെളിപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരിൽ ഏറ്റവും ഫേവറൈറ്റ് എതിരാളികൾ ആരെന്നായിരുന്നു ചോദ്യം. ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത ടീമിനെയാണ് താരം തെരഞ്ഞെടുത്തത്. 2008 ഏപ്രിൽ 18ന് കൊൽക്കത്തക്കെതിരെയായിരുന്നു കോഹ്ലിയുടെ ഐ.പി.എൽ അരങ്ങേറ്റം. ഇതുവരെ 34 മത്സരങ്ങളാണ് കൊൽക്കത്തക്കെതിരെ താരം കളിച്ചത്. 962 റൺസാണ് സമ്പാദ്യം.
എം.എസ്. ധോണി, മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്സ് എന്നിവരിൽ മികച്ച താരം ആരെന്ന ചോദ്യത്തോടും രസകരമായാണ് താരം പ്രതികരിച്ചത്. ചിരിച്ചുകൊണ്ട് രണ്ടുപേരും എന്നാണ് താരം മറുപടി നൽകിയത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് താരത്തിന്‍റെ പ്രിയപ്പെട്ട മൈതാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.