സചിന്റെ അതുല്യ ​റെക്കോഡ് മറികടന്ന് വിരാട് കോഹ്‍ലി

മുംബൈ: ഏകദിന ക്രിക്കറ്റില്‍ സചിന്‍ തെണ്ടുൽകറുടെ ​അപൂർവ റെക്കോഡ് മറികടന്ന് വിരാട് കോഹ്‍ലി. ഏകദിനത്തിൽ 49 സെഞ്ച്വറികളെന്ന സചിന്റെ റെക്കോഡിനൊപ്പമെത്താനുള്ള അവസരം 12 റൺസകലെ നഷ്ടമായെങ്കിലും മറ്റൊരു അതുല്യ നേട്ടമാണ് സ്വന്തമാക്കാനായത്. ശ്രീലങ്കക്കെതിരെ 94 പന്തിൽ 88 റണ്‍സെടുത്ത് പുറത്തായ കോഹ്‍ലി ഈ വര്‍ഷവും ഏകദിനത്തില്‍ 1000 റണ്‍സ് പിന്നിട്ടതോടെയാണ് പുതിയ റെക്കോഡ് കുറിച്ചത്. കരിയറില്‍ എട്ടാം തവണയും ഈ നേട്ടത്തിലെത്തിയതോടെ ഏഴുതവണ 1000 റൺസ് നേടിയ സചിന്റെ റെക്കോഡ് പഴക്കഥയാവുകയായിരുന്നു.

കോഹ്‍ലി 2011, 2012, 2013, 2014, 2017, 2018, 2019, 2023 വര്‍ഷങ്ങളിലും സചിൻ 1994, 1996, 1997, 1998, 2000, 2003, 2007 വര്‍ഷങ്ങളിലുമായിരുന്നു 1000 റണ്‍സ് കടന്നത്. അതേസമയം, ഒരു വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോഡ് ഇപ്പോഴും സചിന്റെ പേരിലാണ്. 1998ൽ 1894 റൺസാണ് സചിൻ അടിച്ചുകൂട്ടിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി നേടിയ താരങ്ങളിൽ രണ്ടാമതെത്താനും കോഹ്‍ലിക്കായി. 118 അർധസെഞ്ച്വറിയുമായി ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സങ്കക്കാരക്കൊപ്പമാണ് ഇപ്പോൾ സ്ഥാനം. 145 അർധ സെഞ്ച്വറി നേടിയ സചിനാണ് ഇക്കാര്യത്തിലും മുന്നിൽ.

23 മത്സരങ്ങളില്‍ നിന്നാണ് ഇത്തവണ കോഹ്‍ലി 1000 തികച്ചത്. ശ്രീലങ്കക്കെതിരെ വ്യാഴാഴ്ച ഇറങ്ങുമ്പോള്‍ 34 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 2023 ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ബാറ്ററും മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് കോഹ്‍ലി. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയുമാണ് ഈ വര്‍ഷം 1000 പിന്നിട്ട മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍. ശ്രീലങ്കയുടെ പതും നിസങ്കയാണ് നാലാമൻ. ഏകദിനത്തില്‍ നിലവില്‍ സചിന് 49ഉം കോഹ്‍ലിക്ക് 48ഉം സെഞ്ച്വറികളാണുള്ളത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കോഹ്‍ലി സചിന്‍റെ റെക്കോര്‍ഡിനരികിലെത്തിയിരുന്നെങ്കിലും 95 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 

Tags:    
News Summary - Virat Kohli surpassed Sachin's unique record in ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.