ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലും സൂപ്പർ ബാറ്റർ വിരാട് കോഹ്ലി കളിച്ചേക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും താരം വിട്ടിനിന്നിരുന്നു. ടീമിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ഇതുവരെ താരം സെലക്ടർമാരെ അറിയിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ അധികൃതരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘എപ്പോൾ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരണമെന്ന് കോഹ്ലിയാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം ഇതുവരെ ഞങ്ങളെ അറിയിച്ചിട്ടില്ല, കോഹ്ലി കളിക്കാൻ തയാറാകുമ്പോൾ ടീമിൽ ഉൾപ്പെടുത്തും’ -ബി.സി.സി.ഐ അധികൃതർ പറഞ്ഞു. അതേസമയം, സൂപ്പർതാരങ്ങളായ കെ.എൽ. രാഹുലും രവീന്ദ്ര ജദേജയും മൂന്നാം ടെസ്റ്റിൽ കളിക്കും. പരിക്കിനെ തുടർന്ന് ഇരുവർക്കും വിശാഖപട്ടണം ടെസ്റ്റ് നഷ്ടപ്പെട്ടിരുന്നു.
ഫെബ്രുവരി 11ന് രാജ്കോട്ടിൽ എത്താനാണ് ടീം അംഗങ്ങൾക്ക് ബി.സി.സി.ഐ നിർദേശം നൽകിയിരിക്കുന്നത്. 13നാണ് ടെസ്റ്റ് ആരംഭിക്കുന്നത്. ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പര സമനിലയിലാണ്. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കോഹ്ലി ടീമിൽനിന്ന് വിട്ടുനിൽക്കുന്നതിന്‍റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, കോഹ്ലിയും ഭാര്യ അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതാണ് താരം ടെസ്റ്റ് ടീമിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണമെന്നും മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
കോഹ്ലിയുടെ പകരക്കാരനായി രജത് പാട്ടീദാർ ടീമിൽ തുടരും. പരമ്പരയിലെ ബാക്കി മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജ്കോട്ട് ടെസ്റ്റിനുള്ള ടീമിനെ മാത്രമായി പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.