കോഹ്ലിക്കൊപ്പം അണ്ടർ-19 ലോകകപ്പ് നേടിയ ടീമിലെ സഹതാരം; ഇന്ന് ഐ.പി.എല്ലിൽ അമ്പയർ...

കോഹ്ലിക്കൊപ്പം അണ്ടർ-19 ലോകകപ്പ് നേടിയ ടീമിലെ സഹതാരം; ഇന്ന് ഐ.പി.എല്ലിൽ അമ്പയർ...

മുംബൈ: ഐ.പി.എല്ലിന്‍റെ 18ാം പതിപ്പിലേക്ക് ഇനി ദിവസങ്ങളുടെ അകലം മാത്രം, കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.

ഈ ഐ.പി.എല്ലിന്‍റെയും ഗ്ലാമർതാരം വിരാട് കോഹ്ലി തന്നെയാണ്. ലീഗിന്‍റെ ചരിത്രത്തിൽ 18 സീസണിലും ഒരു ടീമിനുവേണ്ടി മാത്രം കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും കോഹ്ലിക്കു സ്വന്തമാകും. എന്നാലും, ഐ.പി.എല്ലിൽ ഒരു കിടീരമെന്നത് ഇന്നും ബംഗളൂരുവിന്‍റെ സ്വപ്നമായി തുടരുകയാണ്. ഐ.പി.എല്ലിന്‍റെ പുതിയ സീസൺ മറ്റൊരു കൗതുകകരമായ സംഭവത്തിനു കൂടി വേദിയാകും.

2008ൽ അണ്ടർ -19 ലോകകപ്പിൽ കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ ചാമ്പ്യന്മാരാകുമ്പോൾ, ടീമിൽ സഹതരമായിരുന്ന തന്മയ് ശ്രീവാസ്തവ ഈ ഐ.പി.എല്ലിൽ കളി നിയന്ത്രിക്കുന്ന അമ്പയർമാരുടെ റോളിലെത്തും. 2008, 2009 ഐ.പി.എൽ സീസണുകളിൽ ശ്രീവാസ്തവ പഞ്ചാബ് കിങ്സിന്‍റെ താരമായിരുന്നു. മൂന്നു മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാനായത്. എട്ടു റൺസാണ് സമ്പാദ്യം. ഇതോടെ ഐ.പി.എല്ലിൽ താരമായും അമ്പയറായും അരങ്ങേറുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ശ്രീവസ്തവക്കു സ്വന്തമാകും. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് (യു.പി.സി.എ) തൻമയ് ശ്രീവാസ്തവ ഐ.പി.എൽ 2025ൽ ഔദ്യോഗിക അമ്പയറാകുമെന്ന വിവരം എക്സിലൂടെ അറിയിച്ചത്.

‘ഒരു യഥാർഥ താരം ഒരിക്കലും ഗ്രൗണ്ട് വിടില്ല -കളിയുടെ ഗതി മാറ്റുകയേ ഉള്ളൂ. അതേ ആവേശത്തോടെ പുതിയ തൊപ്പി ധരിക്കുന്ന തന്മയ് ശ്രീവാസ്തവക്ക് ആശംസകൾ’ -യു.പി.സി.എ അവരുടെ എക്സ് അക്കൗണ്ടിൽ കുറിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കോഹ്ലിയുടെയും തന്മയ്‌യുടെയും പുനഃസമാഗമത്തിനും കൂടിയാണ് ഈ ഐ.പി.എല്ലിലൂടെ ആരാധകർ സാക്ഷ്യംവഹിക്കുക. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനായി കളിച്ചിരുന്ന തൻമയ് ഇടങ്കൈയൻ ഓപ്പണിങ് ബാറ്ററായിരുന്നു.

അന്ന് മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിൽ 262 റൺസുമായി ടൂർണമെന്‍റിലെ ടോപ് സ്കോററായി. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിൽ 46 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററും അദ്ദേഹം തന്നെയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4918 റൺസും ലിസ്റ്റ് എ ക്രിക്കറ്റിൽ 1728 റൺസും നേടിയിട്ടുണ്ട്. അഞ്ചു വർഷം മുമ്പാണ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ അമ്പയർ പരിശീലനം നേടി. ഏതാനും അഭ്യന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

Tags:    
News Summary - Virat Kohli's Ex-Teammate Announced As Umpire For IPL 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.