കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ് മത്സരം അതിനാടകീയമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രോട്ടീസിനെ അവരുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിൽ (55റൺസ്) ഇന്ത്യ ചുരുട്ടിക്കെട്ടിയിരുന്നു. എന്നാൽ, ബാറ്റിങ്ങിൽ ഇന്ത്യക്കും ചുവടുപിഴച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 153 ൽ നിൽക്കെ ഒരടിപോലും മുന്നോട്ടുപോകാനാകാതെ തകർന്നടിഞ്ഞ രോഹിതും സംഘവും അതേ റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അവസാനത്തെ അഞ്ച് പേരും സംപൂജ്യരായാണ് മടങ്ങിയത്.
അതേസമയം, ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് മേൽ മുഹമ്മദ് സിറാജിന്റെ സംഹാര താണ്ഡവമായിരുന്നു. ഒമ്പതോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് സിറാജ് ആറുപേരെയായിരുന്നു പുറത്താക്കിയത്. അതിൽ ഒരു വിക്കറ്റ് സാക്ഷാൽ വിരാട് കോഹ്ലിയുടെ തന്ത്രം പയറ്റിയായിരുന്നു സിറാജ് വീഴ്ത്തിയത്.
ആദ്യ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ പ്രോട്ടീസിന്റെ പേസ് ഓൾറൗണ്ടറായ മാർക്കോ ജാൻസനെ സംപൂജ്യനാക്കി പുറത്താക്കിയ പന്ത് സിറാജ് എറിഞ്ഞത് കോഹ്ലിയുടെ നിർദേശം അനുസരിച്ചായിരുന്നു. എഡ്ജ് ചെയ്യുന്ന തരത്തില്‍ ഓഫ് സ്റ്റംപിനോട് ചേര്‍ത്ത് പന്തെറിയനായി കോഹ്ലി സിറാജിനോട് ആംഗ്യം കാണിക്കുകയായിരുന്നു. സിറാജ് പറഞ്ഞതുപോലെ എറിയുകയും, ജാൻസൻ ആ പന്തടിച്ച് വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിലെത്തിക്കുകയും ചെയ്തു.
സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്ലി സിറാജിന് ഉപദേശം നല്‍കുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയില്‍ വൈറലാവുകയാണ്.
സ്കോർ ബോർഡിൽ അഞ്ച് റൺസുള്ളപ്പോൾ ഓപണർ എയ്ഡൻ മർക്രാമിനെ യശസ്വി ജയ്സ്വാളിന്റെ കൈയിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. വൈകാതെ അവസാന ടെസ്റ്റ് കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ സ്റ്റമ്പ് പിഴുതെടുത്തു. നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതിനിടെ മൂന്ന് റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിനെ ബുംറയുടെ പന്തിൽ രോഹിത് ശർമ പിടികൂടി.
17 പന്ത് നേരിട്ട് തട്ടിയും മുട്ടിയും രണ്ട് റൺസ് ചേർത്ത ടോണി ഡി സോർസിയെ മടക്കി സിറാജ് വിക്കറ്റ് നേട്ടം മൂന്നാക്കി. സോർസിയുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ വിശ്രമിക്കുകയായിരുന്നു. 12 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമിനെ യശസ്വി ജയ്സ്വാളിനെയും തുടർന്നെത്തിയ മാർകോ ജാൻസനെ റൺസെടുക്കും മുമ്പ് രാഹുലിനെയും 15 റൺസെടുത്ത കെയ്ൽ വെരെയ്നെ ശുഭ്മൻ ഗില്ലിനെയും ഏൽപിച്ചതോടെ സിറാജിന്റെ വിക്കറ്റ് നേട്ടം ആറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.