ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഏറ്റവും കൂടുതൽ വിയർക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. എത്രയെത്ര ടെസ്റ്റ് മത്സരങ്ങളിൽ ജഡ്ഡു ടീമിന് വേണ്ടി നിർണായക പ്രകടനങ്ങൾ നടത്തിയിരിക്കുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് താരം നൽകിയ സംഭാവനകൾ പരിഗണിച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഓൾറൗണ്ടർ എന്ന് പോലും പലരും ജഡേജയെ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ മുൻ താരം വി.വി.എസ് ലക്ഷ്മണന് മറ്റൊരു അഭിപ്രായമാണുള്ളത്.
ജഡ്ഡുവിനെ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിർത്താൻ കഴിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിെൻറ ബെൻ സ്റ്റോക്സ് ആണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓൾറൗണ്ടറെന്ന് ലക്ഷ്മൺ പറഞ്ഞു. രണ്ടാം സ്ഥാനത്ത് വെസ്റ്റ് ഇൻഡീസ് താരം ജേസൺ ഹോൾഡറാണ്. ഇന്ത്യയുടെ സ്വന്തം ജഡ്ഡുവിന് അദ്ദേഹം മൂന്നാം സ്ഥാനമാണ് നൽകിയത്.
പ്ലെയിങ് ഇലവനിൽ ബാറ്റ്സ്മാനോ ബൗളറോ ആയി ആദ്യത്തെ പരിഗണന ലഭിക്കുന്ന താരത്തെയാണ് താൻ ലോകോത്തര ഓൾറൗണ്ടറായി കാണുന്നതെന്ന് ലക്ഷ്മൺ അഭിപ്രായപ്പെട്ടു. ജഡേജ അങ്ങനെയല്ലെന്നും അതേസമയം, ബെൻ സ്റ്റോക്സ് ഇംഗ്ലീഷ് നിരയിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി വരുന്ന താരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിൻഡീസ് താരം ജേസൺ ഹോൾഡറെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി പരിഗണിച്ചില്ലെങ്കിലും താരം ടെസ്റ്റ് മത്സരങ്ങളിൽ ടീമിലെ സ്പെഷ്യലിസ്റ്റ് ബൗളറാണെന്നും ലക്ഷ്മൺ പറഞ്ഞു. എന്നാൽ, ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ജഡേജ ഇന്ത്യൻ ടീമിന് നൽകുന്ന സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും ഇംഗ്ലണ്ടിലെ നിലവിലെ സാഹചര്യം നിരീക്ഷിച്ചാൽ, പ്രതികൂല സാഹചര്യങ്ങളിലും മികവ് പുലർത്താൻ താരത്തിനാവുന്നുണ്ടെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.