സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിക്കാൻ പശ്ചിമ ബംഗാള്‍ സര്‍ക്കാർ തീരുമാനിച്ചു. 'വൈ' കാറ്റഗറിയില്‍നിന്ന് 'ഇസെഡ്' കാറ്റഗറി ആയാണ് ഉയര്‍ത്തിയത്. ഗാംഗുലിക്ക് നല്‍കിയിരുന്ന വൈ കാറ്റഗറി സുരക്ഷ കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന പുനരാലോചന സമിതി യോഗത്തിലാണ് തീരുമാനം.

ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഗാംഗുലിക്ക് എട്ട് മുതല്‍ പത്ത് വരെ പൊലീസുകാരുടെ സുരക്ഷയാണ് ലഭിക്കുക. വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോള്‍ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സംരക്ഷണം ഗാംഗുലിക്കും മൂന്ന് പൊലീസുകാരുടെ സേവനം വീടിനും ലഭിച്ചിരുന്നു. ബി.സി.സി.ഐ പ്രസിഡ‍ന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ മെന്റര്‍ പദവി വഹിക്കുകയാണ് ഗാംഗുലി ഇപ്പോള്‍. 21ന് കൊല്‍ക്കത്തയില്‍ തിരിച്ചെത്തുമ്പോള്‍ മുതല്‍ ഗാംഗുലിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ലഭ്യമാകുമെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ സി.വി ആനന്ദബോസ്, തൃണമൂല്‍ എം.പിയും ദേശീയ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് നിലവിൽ ഇസെഡ് പ്ലസ് സുരക്ഷയാണ് ഉള്ളതെങ്കിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജൂംദാറിന് ഇസെഡ് പ്ലസിനൊപ്പം സി.ഐ.എസ്.എഫ് ജവാന്മാരുടെ സുരക്ഷയും നൽകുന്നുണ്ട്. ഫിർഹാദ് ഹകീം, മൊളോയ് ഘട്ടക് ഉൾപ്പെടെയുള്ള ഏതാനും മന്ത്രിമാര്‍ക്ക് ഇസെഡ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. 

Tags:    
News Summary - West Bengal govt beefs up Sourav Ganguly's security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.