മുൾത്താന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നേപ്പാളിനെതിരെ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ പുറത്തായ രീതിക്കെതിരെ വ്യാപക വിമർശനം. അലസമായി ഓടി വിക്കറ്റ് വലിച്ചെറിഞ്ഞെന്നാണ് താരങ്ങളും ആരാധകരുമെല്ലാം കുറ്റപ്പെടുത്തുന്നത്. റിസ്‌വാനെ വിമര്‍ശിച്ച് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
24ാം ഓവറിലായിരുന്നു റിസ്‍വാന്റെ റണ്ണൗട്ട്. 50 പന്തില്‍ 44 റണ്‍സുമായി ബാബര്‍ അസമിനൊപ്പം ടീമിനെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് റിസ്‌വാന്‍ അലക്ഷ്യമായ ഓട്ടത്തിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞത്. നേപ്പാള്‍ താരം ദീപേന്ദ്ര സിങ്ങിന്‍റെ ഏറ് പ്രതീക്ഷിക്കാതിരുന്ന റിസ്‌വാന്‍ സാവധാനം ഓടി ക്രീസിലെത്തിയപ്പോഴേക്കും ബെയ്‌ല്‍സ് ഇളകിയിരുന്നു. ബാറ്റ് ക്രീസിലേക്ക് കുത്താനോ ഡൈവ് ചെയ്യാനോ ശ്രമിച്ചതുപോലുമില്ല. പുറത്തായ രീതിയില്‍ രോഷം കൊണ്ട പാക് നായകന്‍ ബാബര്‍ അസം തൊപ്പി വലിച്ചെറിഞ്ഞാണ് അനിഷട്ം പ്രകടിപ്പിച്ചത്. മത്സരത്തിലെ കമന്‍റേറ്റര്‍മാര്‍ക്കും റണ്ണൗട്ടിൽ അമ്പരപ്പ് പ്രകടിപ്പിച്ചിരുന്നു.
വിക്കറ്റിനിടയില്‍ ഓടുമ്പോൾ എപ്പോഴും ഡൈവ് ചെയ്യാറുള്ള റിസ്‌വാന്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നത് കൊണ്ടാണോ ഇവിടെ ക്രീസിലേക്ക് പറക്കാതിരുന്നതെന്ന് അശ്വിന്‍ ചോദിച്ചു. സ്‌പിന്നിനെതിരെ സ്വീപ് ഷോട്ടുകൾ ഏറെ കളിക്കാറുള്ള താരം ഹെല്‍മറ്റ് ധരിക്കാതെ ബാറ്റ് ചെയ്യുന്നത് അതിലും വിചിത്രമായി തോന്നിയെന്നും അശ്വിൻ ട്വീറ്റ് ചെയ്‌തു.
ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്താൻ 238 റൺസിനാണ് നേപ്പാളിനെ തോൽപിച്ചത്. പാകിസ്താൻ മുന്നോട്ടുവെച്ച 342 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 104 റൺസിന് പുറത്താവുകയായിരുന്നു. ഷബാദ് ഖാൻ നാലും ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ക്യാപ്റ്റൻ ബാബർ അസമിന്‍റെയും ഇഫ്‌തിഖാർ അഹമ്മദിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് പാകിസ്താൻ കൂറ്റൻ സ്കോർ അടിച്ചെടുത്തത്. ബാബർ 131 പന്തില്‍ 151 റൺസെടുത്തപ്പോൾ ഇഫ്തിഖാർ 71 പന്തിൽ 109 റൺസുമായി പുറത്താവാതെ നിന്നു. ഏകദിനത്തിൽ ബാബറിന്റെ പത്തൊമ്പതാം സെഞ്ച്വറിയാണിത്. ഇതോടെ ഏറ്റവും വേഗത്തിൽ ഇത്രയും സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോഡും പാക് നായകൻ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.