വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാർ മറിഞ്ഞ് തീ പിടിച്ചെങ്കിലും താരം അത്ഭുതകരമായി പുറത്തുകടന്നു. ഡിസംബർ 30ന് ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ വീട്ടിലേക്ക് പോകുന്നതിനിടെ റൂർകിയിൽ വെച്ചാണ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്.
അപകടനില തരണം ചെയ്ത താരം ഇപ്പോൾ ചികിത്സയിൽ തന്നെ തുടരുകയാണ്. എന്നാൽ, താരത്തിനോടുള്ള സ്നേഹം മറ്റൊരു തരത്തിൽ പ്രകടിപ്പിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. പരിക്ക് ഭേദമായി താരമെത്തിയാൽ നല്ല അടികൊടുക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ 'അൺകട്ട്' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആസ്ട്രേലിയക്കെതിരെയുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് കപിലിന്‍റെ പ്രതികരണം.
പന്തിന്റെ അഭാവം ഇന്ത്യൻ ടീമിന് വലിയ ക്ഷീണമാണ്. തെറ്റുകൾ കാണിക്കുമ്പോൾ രക്ഷിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നത് പോലെ പന്തിന്‍റെ പരിക്ക് ഭേദമായാൽ നല്ല അടികൊടുക്കണമെന്നും കപിൽ പറഞ്ഞു. ‘എനിക്ക് അദ്ദേഹത്തോട് ഏറെ സ്‌നേഹമുണ്ട്. അദ്ദേഹത്തിന്‍റെ പരിക്ക് ഉടൻ ഭേദമാകണം. അങ്ങനെയെങ്കിൽ എനിക്ക് പോയി അവനെ തല്ലാനും ശ്രദ്ധിക്കണമെന്ന് പറയാനുമാകും. കാരണം അദ്ദേഹത്തിന്റെ അപകടം ഇന്ത്യൻ ടീമിനാണ് ക്ഷീണമായത്. എനിക്ക് അദ്ദേഹത്തോട് ഇഷ്ടമുണ്ട്. അതേസമയം ദേഷ്യവുമുണ്ട്. . എന്തുകൊണ്ടാണ് ഇന്നത്തെ യുവാക്കൾ ഇത്തരം തെറ്റുകൾ ചെയ്യുന്നത്? അതിനൊരു അടി വേണം’ -കപിൽ പറഞ്ഞു.
അദ്ദേഹത്തിന് ഈ ലോകത്തിലെ എല്ലാ സ്നേഹവും ലഭിക്കട്ടെ, സർവശക്തൻ നല്ല ആരോഗ്യം നൽകട്ടെ എന്നാണ് ആദ്യത്തെ പ്രാർഥന, അതിനുശേഷം കുട്ടികൾ തെറ്റ് ചെയ്താൽ അവരെ തല്ലാൻ മാതാപിതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നും താരം പ്രതികരിച്ചു. കൗണ്ടർ അറ്റാക്കിങ് ബാറ്ററായ ഋഷബ് പന്തിന്റെ അഭാവം ടെസ്റ്റ് പരമ്പരയിൽ ആസ്‌ട്രേലിയക്ക് ആശ്വാസം നൽകുമെന്ന് മുൻ നായകൻ ഇയാൻ ചാപ്പൽ വ്യക്തമാക്കി. ചികിത്സയിലുള്ള പന്തിന് ഈ വർഷത്തെ മത്സരങ്ങളെല്ലം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. സാധ്യമായ എല്ലാ ചികിത്സയും പന്തിന് ബി.സി.സി.ഐ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.