ഇസ്ലമാബാദ്: ട്വന്‍റി20 ലോകകപ്പിനൊരുങ്ങുന്ന പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന് ചില ഉപദേശങ്ങളുമായി മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. ഇന്ത്യയിൽ നടക്കേണ്ട ട്വന്‍റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടൈങ്കയ്യൻ പേസർമാരായ മുഹമ്മദ് ആമിറിനെയും വഹാബ് റിയാസിനെയും ഉൾപെടുത്തണമെന്ന് കമ്രാൻ ആവശ്യപ്പെട്ടു.
പാകിസ്താൻ ദുർബലരായ എതിരാളികൾക്കെതിരെയാണ് ജയിച്ചു കയറുന്നതെന്നും ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരെ ഏറ്റുമുട്ടുേമ്പാൾ ബുദ്ധിമുട്ടുമെന്നും കമ്രാൻ പറഞ്ഞു. അതിനാൽ ഇന്ത്യൻ പിച്ചുകൾ പരിഗണിച്ച് ആമിറിനെയും റിയാസിനെയും കൂടെകൂട്ടണമെന്നാണ് കമ്രാൻ പറയുന്നത്.
'ഭാഗ്യവശാൽ, കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ പാകിസ്താൻ കളിച്ച ടീമുകളിൽ അവരുടെ മുൻനിര കളിക്കാരുടെ അഭാവമുണ്ടായിരുന്നു. എന്നാൽ കോച്ച്, സെലക്ടർമാർ, ബാബർ എന്നിവർക്ക് അവരുടെ ടീം എന്താണെന്നറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർ ഇത് സമ്മതിക്കുമെന്ന് കരുതുന്നില്ല. പക്ഷേ കുറച്ചുകൂടി കഴിയുന്നതോടെ കാര്യങ്ങൾ വ്യക്തമാകും'-കമ്രാൻ ക്രിക്കറ്റ് പാകിസ്താന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
കാലം കഴിയും തോറം ബാബർ അസമിന്‍റെ ക്യാപ്റ്റൻസി മെച്ചപ്പെട്ടു വരികയാണ്. എന്നാൽ സെലക്ഷന്‍റെ കാര്യത്തിൽ ബാബർ ഇൻസമാമുൽ ഹഖിന്‍റെയും യൂനിസ് ഖാന്‍റെയും പാത പിന്തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവർ ആഭ്യന്തര അനുഭവസമ്പത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതായും ഇത് മനസിലാക്കിയാൽ ടീമിന്‍റെ ഭാവിയിലുള്ള പ്രകടനം മെച്ചപ്പെടുമെന്നും കമ്രാൻ പറഞ്ഞു.
'ആഭ്യന്തര ക്രിക്കറ്റിലെ മികവിന്‍റെ അടിസ്ഥാനത്തിലാകണം കളിക്കാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബാബർ അസം, ഹസൻ അലി, ഫവാദ് ആലം, ഇമാമുൽ ഹഖ് എന്നിവരുടെ ഉദാഹരണങ്ങൾ നോക്കൂ... ഇവരെല്ലാം ആഭ്യന്തര മത്സരങ്ങളിലെ പ്രകടനമികവിലാണ് ടീമിലെത്തിയത്. ഇപ്പോൾ അത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആവർത്തിക്കുന്നു. യുവ കളിക്കാർക്ക് അവസരങ്ങൾ നൽകാൻ സെലക്ടർമാർ തിടുക്കം കാട്ടുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ടീമിലെടുത്തില്ലെങ്കിൽ ഇവർ പാകിസ്താൻ വിട്ട് പോകുമെന്ന് അവർ കരുതുന്നു' -കമ്രാൻ പറഞ്ഞു.
'ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. മുഹമ്മദ് ആമിറിനെയും വഹാബ് റിയാസിനെയും ടീമിൽ ഉൾപ്പെടുത്തണം. ആമിറിന് നാലോ അഞ്ചോ വർഷത്തെ ക്രിക്കറ്റ് അവശേഷിക്കുന്നു. അതേസമയം റിയാസിന് രണ്ടോ മൂന്നോ വർഷം കൂടി കളിക്കാൻ കഴിയും. ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകൾ പരിഗണിക്കുേമ്പാൾ അനുഭവ സമ്പത്തുള്ള ബൗളർമാർ ടീമിന് ആവശ്യമാണ്' -കമ്രാൻ കൂട്ടിച്ചേർത്തു.
ഈ വർഷം അവസാനം ഇന്ത്യയാണ് ട്വന്‍റി20 ലോകകപ്പിന് വേദിയൊരുക്കുന്നത്. ഇന്ത്യയിലെ കോവിഡ്ബാധ രൂക്ഷമായി തുടരുകയാണെങ്കിൽ ടൂർണമെന്‍റ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്ന് ഐ.സി.സിയും ബി.സി.സി.ഐയും സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഒക്ടോബറോടെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ മാത്രമേ ടൂർണമെന്‍റ് മാറ്റുകയുള്ളൂവെന്ന് ബി.സി.സി.ഐ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.