പടിക്കലിനും സഞ്​ജുവിനും ശ്രീലങ്കക്കെതിരെ കളിക്കാൻ അവസരം ലഭിക്കുമോ? സൂചന നൽകി ​​ദ്രാവിഡ്​

ന്യൂഡൽഹി: അടുത്തമാസം ശ്രീലങ്കക്കെതിരെ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങൾക്കും കളിക്കാൻ അവരസമുണ്ടാകുമെന്ന സൂചന നൽകി കോച്ച്​ ​രാഹുൽ ദ്രാവിഡ്​. അണ്ടർ 19, ഇന്ത്യ എ ടീം എന്നിവയുടെ കോച്ചായിരിക്കെ ഓരോ താരത്തിനും വ്യത്യസ്​ത മത്സരങ്ങളിലായി കളിക്കാനുള്ള അവസരം ഉറപ്പുവരുത്തിയതായി ദ്രാവിഡ്​ പറഞ്ഞു.

'ഞാൻ അവരോട് മുൻ‌കൂട്ടി പറഞ്ഞു, നിങ്ങൾ എന്നോടൊപ്പം പരമ്പരക്ക്​ വന്നാൽ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല. കുട്ടിക്കാലത്ത് എനിക്ക് ഇത്തരത്തിൽ വ്യക്തിപരമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു പരമ്പരയിൽ കളിക്കാൻ സാധിക്കാതിരിക്കുക എന്നത്​ ഭയാനകമാണ്​' -ഇ.എസ്​.പി.എൻ ക്രിക്ക്​ഇൻഫോക്ക്​​ നൽകിയ അഭിമുഖത്തിൽ ദ്രാവിഡ് പറഞ്ഞു.

'700-800 റൺസും നേടിയവർക്ക്​ പോലും ചിലപ്പോൾ അടുത്ത പരമ്പരയിൽ അവസരം ലഭിച്ചെന്ന്​ വരാത്ത അവസ്​ഥയാണ്​. മികച്ച 11 കളിക്കാർ മാത്രമല്ല, 15 പേരും കളിക്കണം. അതിനാൽ തന്നെ അണ്ടർ 19 ടൂർണമെൻറുകളിൽ ഓരോ മത്സരത്തിലും 5-6 കളിക്കാരെ വരെ മാറ്റിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ ഫിറ്റ്​നസിൻെറ കാര്യത്തിലും ഏറെ മുന്നിലാണ്​. ഫിറ്റ്‌നെസിനെക്കുറിച്ച് ആവശ്യമായ അറിവില്ലാത്ത കാലമുണ്ടായിരുന്നു. അന്ന്​ ആസ്​ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും താരങ്ങളെ നോക്കി അസൂയപ്പെട്ടിരുന്നു' -ദ്രാവിഡ്​ കൂട്ടിച്ചേർത്തു.

ശ്രീലങ്കൻ പര്യടനത്തിനുള്ള 'യങ്​ ഇന്ത്യ'യെ പരിശീലിപ്പിക്കുന്നത്​ മുൻ ഇന്ത്യൻ നായകനായ രാഹുൽ ദ്രാവിഡാണ്​. രവി ശാസ്​ത്രിയുടെ കാലാവധി കഴിയുന്നതോടെ ഒഴിയുന്ന ഇന്ത്യൻ സീനിയർ ടീമി​െൻറ ഹെഡ്​ കോച്ച്​ പദവിയിലേക്ക്​ ദ്രാവിഡ്​ എത്തുമെന്ന്​ റിപ്പോർട്ടുകളുണ്ട്​.

2021 ഐ.സി.സി ട്വൻറി20 ലോകകപ്പ്​ വരെയാണ്​ ശാസ്​ത്രിയുടെ കാലാവധി​. ഇന്ത്യൻ ടീം ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലും ​ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ പരമ്പരയും കളിക്കാനായി നിലവിൽ ഇംഗ്ലണ്ടിലാണ്​. ഇതിനാലാണ്​ ജൂലൈയിൽ ലങ്കക്കെതിരെ നടക്കുന്ന ഏകദിന, ട്വൻറി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിന്​ തന്ത്രം മെനയാനുള്ള ചുമതല ദ്രാവിഡിന്​ കൈവന്നത്​.

ശിഖർ ധവാനായിരിക്കും പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഭുവനേശ്വർ കുമാറാണ്​ വൈസ്​ ക്യാപ്​റ്റൻ. മലയാളിയായ ദേവ്​ദത്ത്​ പടിക്കൽ ആദ്യമായി ടീമിലെത്തി. ദേവ്​ദത്തിന്​ പുറമേ റുതുരാജ്​ ഗെയ്​ക്​വാദ്​, നിതീഷ്​ റാണ, ചേതൻ സക്കരിയ, കെ.ഗൗതം എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്​.

ഐ.പി.എല്ലിലെ പ്രകടനമാണ്​ ദേവ്​ദത്തിന്​ ടീമിലേക്കുള്ള വഴിതുറന്നത്​. മറ്റൊരു മലയാളി താരമായ സഞ്​ജുസാംസൺ ടീമി​ലേക്ക്​ തിരിച്ചെത്തി. മുൻ പരമ്പരകളുടേതിന്​ സമാനമായി, എല്ലാ താരങ്ങൾക്കും അവസരം നൽകുകയെന്ന നയമാണ്​ ദ്രാവിഡ്​ സ്വീകരിക്കുന്നതെങ്കിൽ മലയാളികളായ പടിക്കലിനെയും സഞ്​ജുവിനെയുമെല്ലാം ഗ്രൗണ്ടിൽ കാണാനാകും. സഞ്ജു പലപ്പോഴായി ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ചില പരമ്പരകളിൽ ബെഞ്ചിലിരിക്കാനായിരുന്നു വിധി.

മൂന്ന്​ ഏകദിനങ്ങളും മൂന്ന്​ ട്വൻറി 20യുമാണ്​ ശ്രീലങ്കക്കെതിരെ ഇന്ത്യ കളിക്കുക. ജൂലൈ 13,16,18 തീയതികളിലാണ്​ ഏകദിന മത്സരങ്ങൾ. ജൂലൈ 21,23,25 തീയതികളിലായി ട്വൻറി 20 മത്സരങ്ങളും നടക്കും. 

ടീം: ശിഖർ ധവാൻ(ക്യാപ്​റ്റൻ), പൃഥ്വി ഷാ, ദേവ്​ദത്ത്​ പടിക്കൽ, റുതുരാജ്​ ഗെയ്​ക്​വാദ്​, സൂര്യകുമാർ യാദവ്​, മനീഷ്​ പാണ്ഡേ, ഹാർദിക്​ പാണ്ഡേ, നിതീഷ്​ റാണ, ഇഷാൻ കിഷൻ(വിക്കറ്റ്​-കീപ്പർ), സഞ്​ജു സാംസൺ(വിക്കറ്റ്​-കീപ്പർ), യൂസ്​വേന്ദ്ര ചഹൽ, രാഹുൽ ചഹർ, കെ.ഗൗതം, ക്രുനാൽ പാണ്ഡേ, കുൽദീപ്​ യാദവ്​, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ(വൈസ്​-ക്യാപ്​റ്റൻ), ദീപക്​ ചഹാർ, നവദീപ്​ സൈനി, ചേതൻ സക്കാരിയ.

Tags:    
News Summary - Will Padikkal and Sanju get a chance to play against Sri Lanka? Dravid hinted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.