സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമോ? ആരാധകരെ ആശങ്കയിലാക്കി ടീമിന്‍റെ വിഡിയോ...

ജയ്പൂര്‍: ഐ.പി.എൽ മേഗാ താരലേലം നടക്കാനിരിക്കെ, ടീമുകൾ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് രാജസ്ഥാൻ റോയൽസ് എക്സിൽ ഒരു വിഡിയോ പങ്കുവെച്ചത്.

രാജസ്ഥാന്‍ താരങ്ങള്‍ക്കും ടീം ഡയറക്ടർ കുമാര്‍ സംഗക്കാരക്കുമൊപ്പമുള്ള നായകൻ സഞ്ജു സാംസണിന്‍റെ വിഡിയോയാണ് പോസ്റ്റ് ചെയ്തത്. പിന്നാലെ സഞ്ജു രാജസ്ഥാൻ വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായി. വിഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത ‘മേജർ മിസ്സിങ്’ എന്ന കാപ്ഷനാണ് ആരാധകരെ ആശങ്കയിലാക്കിയത്. കാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് സഞ്ജു സീസണിൽ രാജസ്ഥാൻ വിട്ടേക്കുമെന്ന ആശങ്ക പങ്കുവെച്ചത്. എന്നാൽ, പോസ്റ്റിൽ എന്താണ് ഉദ്ദേശിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

രാജസ്ഥാന്‍ ക്യാമ്പിലെ സഞ്ജുവിന്‍റെ അസാന്നിധ്യത്തെക്കുറിച്ചാണോ പോസ്റ്റ് എന്നും വ്യക്തമല്ല. ഐ.പി.എൽ 2025 സീസണിൽ കുമാർ സംഗക്കാര രാജസ്ഥാനോടൊപ്പം ഉണ്ടാകില്ലെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐ.പി.എല്ലിന്റെ പുതിയ സീസണിനുള്ള തയാറെടുപ്പിലാണ് രാജസ്ഥാൻ റോയൽസ്. വിഡിയോക്കു താഴെ നിരവധി ആരാധകരാണ് രാജസ്ഥാനോട് സഞ്ജുവിനെ കൈവിടരുതേ എന്ന് ആവശ്യപ്പെടുന്നത്. സഞ്ജു, ജോസ് ബട്‍ലർ, യശസ്വി ജയ്സ്വാൾ തുടങ്ങിയ പ്രധാന താരങ്ങളെ രാജസ്ഥാൻ ടീമിൽ നിലനിർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നേരത്തെ, സഞ്ജുവിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും നീക്കം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 2013ലാണ് സഞ്ജു രാജസ്ഥാൻ റോയൽസിൽ ചേരുന്നത്. മൂന്നു സീസണിൽ ടീമിനൊപ്പം കളിച്ചു. വിലക്ക് വന്നതോടെ 2016ലും 2017ലും ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറി. 2018ലാണ് വീണ്ടും രാജസ്ഥാനിൽ മടങ്ങിയെത്തുന്നത്.

2021ല്‍ നായകസ്ഥാനം ഏറ്റെടുത്തു. തൊട്ടടുത്ത സീസണില്‍ ടീമിനെ ഫൈനലിൽ എത്തിച്ചെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റു. 2023ല്‍ നേരിയ വ്യത്യാസത്തിലാണ് പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായത്.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പ്ലേ ഓഫ് കളിച്ചെങ്കിലും രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റുപുറത്തായി. രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കൂടിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ അഞ്ച് അര്‍ധസെഞ്ചുറി അടക്കം 531 റണ്‍സാണ് സഞ്ജു നേടിയത്.

Tags:    
News Summary - Will Sanju leave Rajasthan Royals? The team's video worried the fans...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.