ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ 34,357 റൺസ് സ്കോർ ചെയ്ത ഇതിഹാസ താരമാണ് ഇന്ത്യയുടെ സചിൻ ടെണ്ടുൽക്കർ. സെഞ്ച്വറിയിൽ സെഞ്ച്വറി തികച്ച സചിൻ എല്ലാ ഫോർമാറ്റിലുമായി 164 അർധസെഞ്ച്വറികളും കുറിച്ചു. ക്രിക്കറ്റിലെ ഇന്നത്തെ നിയമങ്ങൾ വെച്ചായിരുന്നു കളിക്കുന്നതെങ്കിൽ സചിൻ ലക്ഷം റൺസ് നേടുമായിരുന്നുവെന്നാണ് പാകിസ്താൻ മുൻ പേസർ ശുഐബ് അക്തർ അഭിപ്രായപ്പെട്ടത്.
ക്രിക്കറ്റിലെ പുത്തൻ നിയമങ്ങൾ കളി ബാറ്റ്സ്മാന് അനുകൂലമാക്കി മാറ്റിയതായും ഇപ്പോൾ കളിച്ചിരുന്നെങ്കിൽ സചിൻ വൻ നേട്ടങ്ങൾ സ്വന്തമാക്കുമായിരുന്നുവെന്ന് അക്തർ പറഞ്ഞു.
'നിങ്ങൾ രണ്ട് ന്യൂബോളുകൾ കൊണ്ടുവന്നു. നിയമങ്ങൾ കർശനമാക്കിയ നിങ്ങൾ ബാറ്റ്സ്മാൻമാർക്ക് കഴിയുന്നത്ര സ്വാധീനം നൽകുന്നു. നിങ്ങൾ മൂന്ന് റിവ്യൂ അനുവദിക്കുന്നു. സചിൻ കളിക്കുന്ന കാലത്ത് മൂന്ന് റിവ്യൂകൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ലക്ഷം റൺസ് നേടിയേനെ എന്ന് സങ്കൽപ്പിക്കുക'-ഇന്ത്യൻ മുൻ കോച്ച് രവി ശാസ്ത്രിയുമായി നടത്തിയ യൂട്യൂബ് ചാറ്റിൽ അക്തർ പറഞ്ഞു.
'പാവം സചിൻ. ഞാൻ 'പാവം സചിൻ' എന്ന് പറയുന്നു. കാരണം അദ്ദേഹം തുടക്കത്തിൽ വസീം അക്രത്തിനെതിരെയും വഖാർ യൂനിസിനെതിരെയും കളിച്ചു. അവൻ ഷെയ്ൻ വോണിനെതിരെയും പിന്നീട് ബ്രെറ്റ് ലീ, ഷുഐബ് അക്തർ എന്നിവർക്കെതിരെ കളിച്ചു. പിന്നീട് പുതുതലമുറ പേസർമാരെയും നേരിട്ടു. അതുകൊണ്ടാണ് ഞാൻ അവനെ വളരെ കടുപ്പമേറിയ ബാറ്റ്സ്മാൻ എന്ന് വിളിക്കുന്നത്'-അക്തർ കൂട്ടിച്ചേർത്തു.
കളിയിൽ സന്തുലനാവസ്ഥ കൊണ്ടുവരാൻ ഓവറിൽ രണ്ട് ബൗൺസർ എറിയാൻ അവസരം നൽകണമെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.