ഡാംബുല്ല (ശ്രീലങ്ക): ഏഷ്യ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയം. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ റെക്കോഡ് സ്കോർ പടുത്തുയർത്തിയ ഹർമൻപ്രീത് കൗറും സംഘവും യു.എ.ഇയെ 78 റൺസിനാണ് തോൽപിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ യു.എ.ഇക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യൻ വനിതകൾ ട്വന്റി20യിൽ 200 കടക്കുന്നത് ഇതാദ്യമായാണ്.
യു.എ.ഇ നിരയിൽ കവിഷ എഗോഡാഗെയാണ് ടോപ് സ്കോറർ. 32 പന്തിൽ 40 റൺസുമായി താരം പുറത്താകാതെ നിന്നു. ഓപ്പണറും ക്യാപ്റ്റനുമായ ഇഷ ഒസ 36 പന്തിൽ 38 റൺസെടുത്ത് പുറത്തായി. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. തീർത്ത സതീഷ് (12 പന്തിൽ നാല്), വയനാട് സ്വദേശിയായ റിനിത രജിത്ത് (മൂന്നു പന്തിൽ ഏഴ്), സമെയ്റ ധർണിധർക (എട്ടു പന്തിൽ അഞ്ച്), കുശി ശർമ (13 പന്തിൽ 10), ഹീന ഹോത്ചന്ദാനി (ഒമ്പത് പന്തിൽ എട്ട്), റിതിക രജിത്ത് (ഏഴു പന്തിൽ ആറ്) എന്നിവാണ് പുറത്തായത്. ഇന്ത്യക്കായി ദീപ്ത് ശർമ രണ്ടു വിക്കറ്റ് നേടി. രേണുക സിങ്, തനുജ കൻവാർ, പൂജ വസ്ത്രകാർ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ക്യാപ്റ്റൻ ഹർമൻപ്രീതിന്‍റെയും (47 പന്തിൽ 66) റിച്ച ഘോഷിന്‍റെയും (29 പന്തിൽ പുറത്താകാതെ 64) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഓപണിങ്ങിനിറങ്ങിയ ഷെഫാലി വർമയും (18 പന്തിൽ 37) സ്മൃതി മന്ദാനയും (ഒമ്പതു പന്തിൽ 13) ഒന്നാം വിക്കറ്റിൽ 23 ചേർത്തു. സ്മൃതിയെ കവിഷ എഗോഡാഗെയുടെ പന്തിൽ റിനിത രഞ്ജിത്ത് ക്യാച്ചെടുത്താണ് പുറത്താക്കിയത്. സ്ക്കോർ 50 കടന്നതിന് പിന്നാലെ ഷെഫാലിയും പുറത്ത്. ഡയലാൻ ഹേമലതയും (രണ്ട്) വന്നപോലെ മടങ്ങിയപ്പോൾ ഇന്ത്യ മൂന്നിന് 52 റൺസെന്ന നിലയിലായിരുന്നു.
ശേഷം ഹർമൻപ്രീതും ജെമീമ റോഡ്രിഗ്വസും (14) ചേർന്ന് സ്കോർ 100 കടത്തി. ജെമീമയെയും എഗോഡാഗെയുടെ പന്തിൽ റിനിത രഞ്ജിത്ത് ക്യാച്ചെടുത്താണ് പുറത്താട്ടിയത്. പിന്നീട് ഒത്തുചേർന്ന ഹർമൻപ്രീതും റിച്ചയും സ്കോറിങ്ങിന് വേഗം കൂട്ടിയതോടെ യു.എ.ഇ ബാക്ക്ഫൂട്ടിലായി. അഞ്ചാം വിക്കറ്റിൽ 75 റൺസ് ചേർത്താണ് ക്യാപ്റ്റൻ മടങ്ങിയത്.
47 പന്തുനേരിട്ട ഹർമൻപ്രീത് ഏഴു ഫോറും ഒരു സിക്സും പറത്തിയപ്പോൾ കേവലം 29 പന്തിൽ 12 ഫോറും ഒരു സിക്സുമടക്കമാണ് റിച്ച ഘോഷ് 64 റൺസെടുത്തത്. വിക്കറ്റ് കീപ്പർ ബാറ്ററായ റിച്ചയുടെ കന്നി ട്വന്റി20 അർധസെഞ്ച്വറിയാണിത്. റിനിത രജിത്തിന്‍റെ സഹോദരിയാണ് റിതിക രജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.