മെൽബൺ: അഫ്ഗാനിസ്താനെതിരെ നവംബറിൽ നടക്കുന്ന ടെസ്റ്റ് മത്സരം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ആസ്ട്രേലിയൻ സർക്കാറാണെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ. അഫ്ഗാനിൽ നിന്നുള്ള വനിത ക്രിക്കറ്റ് ടീമിന്‍റെ പ്രാതിനിധ്യം ആസ്ട്രേലിയയുടെ പരിഗണനക്ക് വരുമെന്ന സൂചനയും ക്രിക്കറ്റ് ആസ്ട്രേലിയ നൽകി.
നവംബർ 27ന് ഹൊബാർട്ടിലെ ബ്ലണ്ട്സ്റ്റോൺ അരീനയിലാണ് അഫ്ഗാനിസ്താനും ആസ്ട്രേലിയയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ്. എന്നാൽ, ലിബറൽ പാർട്ടി അംഗമായ പീറ്റർ ഗുട്ട്വിൻ വനിത ക്രിക്കറ്റ് ടീമിനോടുള്ള താലിബാൻ സർക്കാറിന്‍റെ സമീപനം അഫ്ഗാൻ-ആസ്ട്രേലിയ ഒന്നാം ടെസ്റ്റിനെ സ്വാധീനിക്കുമെന്നും പറഞ്ഞിരുന്നു.
ഐ.സി.സി ട്വന്‍റി 20 ലോകകപ്പിലും ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കാൻ താലിബാൻ അഫ്ഗാൻ ക്രിക്കറ്റ് ടീമിന് അനുവാദം നൽകിയിരുന്നു. എന്നാൽ, വനിത ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് താലിബാൻ നിലപാട് വ്യക്തമാക്കിയിരുന്നില്ല. വെല്ലുവിളി നിറഞ്ഞതും സങ്കീർണവുമായ സാഹചര്യത്തിലാണ് അഫ്ഗാൻ-ആസ്ട്രേലിയ മത്സരം നടക്കുന്നതെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ നിക്ക് ഹോക്ലി പറഞ്ഞു.
കായിക മേഖലയിൽ സ്ത്രീ-പുരുഷ സമത്വം വേണമെന്നാണ് ഞങ്ങളുടെ നിലപാട്. അഫ്ഗാനുമായുള്ള ക്രിക്കറ്റ് മത്സരം സംബന്ധിച്ച് ആസ്ട്രേലിയൻ സർക്കാറുമായും ഐ.സി.സിയുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.