ലണ്ടൻ: 2021 ആഗസ്റ്റിൽ തുടങ്ങി 2023 മാർച്ചിൽ അവസാനിക്കുന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് രണ്ടാം എഡിഷനിലും ഫൈനൽ പ്രതീക്ഷയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. 2019-21ൽ ന്യൂസിലൻഡിനോട് ഫൈനൽ പോരാട്ടത്തിൽ പരാജയപ്പെട്ട് റണ്ണറപ്പാവുകയായിരുന്നു ഇന്ത്യ.
ഇക്കുറി പുതിയ പോയന്റ് സംവിധാനമാണ്. നിലവിൽ 12 ടെസ്റ്റിൽ ആറ് ജയം, നാല് തോൽവി, രണ്ട് സമനില എന്നിങ്ങനെ 75 പോയന്റാണ് ഇന്ത്യക്ക്. 52.08 ആണ് വിജശതമാനവുമായി നാലാമതാണ്. ബംഗ്ലാദേശിനെതിരെ രണ്ടും ആസ്ട്രേലിയക്കെതിരെ നാലും മത്സരങ്ങൾ ബാക്കിയുണ്ട്.
വിജയശതമാനം പരമാവധി 68.05ൽ എത്തിക്കുമെന്നതിനാൽ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ സജീവമാണ്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പിഴയായി ഇന്ത്യയുടെ അഞ്ച് പോയന്റ് വെട്ടിക്കുറക്കുകയായിരുന്നു.
ആദ്യ ആറ് സ്ഥാനങ്ങളിൽ വരുന്ന ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താൻ, വെസ്റ്റിൻഡീസ് ടീമുകളെല്ലാം ഫൈനൽ പ്രതീക്ഷയിലാണ്. ഓസീസിന്റെ വിജയശതമാനം നിലവിൽ 70 ആണ്. കങ്കാരുപ്പട ഫൈനൽ ഏറക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക (60), ശ്രീലങ്ക (53.33), ഇന്ത്യ (52.08), പാകിസ്താൻ (51.85), വെസ്റ്റിൻഡീസ് (50) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ സ്ഥിതി.
ഇംഗ്ലണ്ട് (38.59), നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലൻഡ് (25.93), ബംഗ്ലാദേശ് (13.33) എന്നിവർക്ക് ഇനി സാധ്യതയില്ല. ജയത്തിന് 12 (ശതമാനം 100), ടൈ ആണെങ്കിൽ ആറ് (50), സമനിലക്ക് നാല് (33.33) എന്നിങ്ങനെയാണ് പോയന്റ്. ഓരോ മത്സരത്തിന്റെയും ഫലമെടുത്ത് വിജയശതമാനവും കണക്കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.