ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ നേപ്പാളിനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിനെ തേടിയെത്തി പുതിയ റെക്കോഡ്. ട്വന്റി 20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടമാണ് യശസ്വി സ്വന്തമാക്കിയത്. ശുഭ്മൻ ഗില്ലിനെയാണ് താരം മറികടന്നത്. 21 വയസ്സും ഒമ്പത് മാസവും 13 ദിവസവുമാണ് യശസ്വിയുടെ പ്രായം. ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടി ഗിൽ റെക്കോഡിടുമ്പോൾ 23 വയസ്സും 146 ദിവസവുമായിരുന്നു പ്രായം. നേപ്പാളിനെതിരെ ജെയ്സ്വാൾ 49 പന്തിൽ ഏഴ് സിക്സും എട്ട് ഫോറുമടക്കം 100 റൺസെടുത്ത് പുറത്താവുകയായിരുന്നു. ദീപേന്ദ്ര സിങ് ഐരിയുടെ പന്തിൽ അവിനാശ് ബൊഹ്റ പിടിച്ചാണ് താരം മടങ്ങിയത്.
മത്സരത്തിൽ 23 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. 20 ഓവറിൽ ഇന്ത്യ മുന്നോട്ടുവെച്ച 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മംഗോളിയക്കെതിരെ 10 പന്തിൽ 52 റൺസടിച്ച് ലോകറെക്കോഡിട്ട ദീപേന്ദ്ര സിങ് ഐരീ ഇത്തവണ 15 പന്തിൽ 32 റൺസടിച്ച് നേപ്പാളിന്റെ ടോപ് സ്കോററായി. സുദീപ് ജോറ 12 പന്തിലും മംഗോളിയക്കെതിരെ 50 പന്തിൽ 137 റൺസടിച്ച കുശാൽ മല്ല 22 പന്തിലും 29 റൺസ് വീതമെടുത്തു. ഓപണർ കുശാൽ ബുർതേൽ 28 റൺസ് നേടി. ഇന്ത്യക്കായി രവി ബിഷ്‍ണോയ്, ആവേശ് ഖാൻ എന്നിവർ മൂന്ന് വീതവും അർഷ്ദീപ് സിങ് രണ്ടും വിക്കറ്റെടുത്തപ്പോൾ സായ് കിഷോറിന് ഒരു വിക്കറ്റ് ലഭിച്ചു.
യശസ്വി ജെയ്സ്വാളിന്റെ സെഞ്ച്വറിക്ക് പിറകെ അവസാന ഓവറുകളിൽ റിങ്കു സിങ് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 15 പന്തിൽ നാല് സിക്സും രണ്ട് ഫോറുമടക്കം പുറത്താകാതെ 37 റൺസാണ് റിങ്കുസിങ് അടിച്ചുകൂട്ടിയത്. ശിവം ദുബെ 19 പന്തിൽ 25 റൺസുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദ് (23 പന്തിൽ 25), തിലക് വർമ (10 പന്തിൽ 2), ജിതേഷ് ശർമ (നാല് പന്തിൽ 5) എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. ദിപേന്ദ്ര സിങ് ഐരീ രണ്ട് വിക്കറ്റും സോംപാൽ കാമി, സന്ദീപ് ലമിച്ചെൻ എന്നിവർ ഓരോ വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.