ന്യൂഡൽഹി: കോവിഡ് ബാധിതനായ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന് സൗഖ്യം നേർന്ന് പാകിസ്താൻ പേസ് ഇതിഹാസം വസീം അക്രം. കൊറോണ വൈറസിനെ സിക്സടിച്ച് പറത്താൻ സചിനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോവിഡ് ബാധയത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന സചിന്‍റെ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് അക്രമിന്‍റെ ട്വീറ്റ്.
16ാം വയസിൽ ലോകോത്തര ബൗളർമാരെ നേരിട്ട പരിചയമുള്ള സചിന്‍റെ ഈ ഒരു അവസ്ഥ ധൈര്യപൂർവം മറികടക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 16ാം വയസിൽ കറാച്ചിയിൽ തന്‍റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വസീം അക്രം, വഖാർ യൂനിസ്, ഇംറാൻ ഖാൻ എന്നിവരടങ്ങുന്ന പാക് പേസ് നിരയെ നേരിട്ടാണ് സചിൻ വരവറിയിച്ചത്.
'വെറും 16 കാരനായിരിക്കേ ധൈര്യവും ആത്മസംയനവും വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരോട് നിങ്ങൾ പോരാടി... അതിനാൽ നിങ്ങൾ കോവിഡിനെ സിക്സ് അടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്... ഉടൻ തിരിച്ചുവരൂ മാസ്റ്റർ! ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിന്‍റെ വാർഷികം ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും കൂടെ നിങ്ങൾ ആഘോഷിക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും ... എനിക്ക് ഒരു ചിത്രം അയച്ചു തരിക'-അക്രം ട്വിറ്ററിൽ കുറിച്ചു.
കോവിഡിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്കറെ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറുകയാണെന്ന് സചിൻ ട്വിറ്ററിൽ കുറിച്ചു.
ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങിയെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും സചിൻ പറഞ്ഞു.ലോകകപ്പ് നേടിയതിന്‍റെ 10ാം വാർഷികത്തിൽ ടീമംഗങ്ങൾക്ക് സചിൻ ആശംസകൾ അർപ്പിച്ചു. സചിന് പുറമേ റോഡ് സേഫ്റ്റി സീരിസിൽ കളിച്ച ഇന്ത്യൻ ലെജന്‍റസിന്‍റെ നാല് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സചിൻ ടെണ്ടുൽക്കർ, എസ്.ബദരീനാഥ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.