കോഹ്ലി, രോഹിത്, രാഹുൽ -നിങ്ങൾക്കിവരെ ട്വന്‍റി20യിൽ കാണാനാകില്ല; അടുത്ത 90 ദിവസങ്ങളിൽ കാര്യങ്ങൾ മാറിമറിയുമെന്നും മുൻതാരം

ഐ.പി.എല്ലിൽ ഇന്ത്യൻ യുവ താരങ്ങളുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ട്വന്‍റി20യുടെ വേഗതക്കും ആവേശത്തിനുമൊപ്പം മുതിർന്ന താരങ്ങൾക്ക് ഓടിയെത്താനാകുന്നില്ല. ഇതിനിടെയാണ് ഹിറ്റ്മാൻ രോഹിത് ശർമ, സൂപ്പർതാരം വിരാട് കോഹ്ലി, കെ.എൽ. രാഹുൽ എന്നിവരുടെ ട്വന്‍റി20 ഭാവിയെ കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നത്. രോഹിത്തും കോഹ്ലിയും ഏകദിന, ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു.

മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്രയും സമാന അഭിപ്രായമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, മുംബൈ ഓപ്പണർ ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള താരങ്ങളുടെ സാന്നിധ്യമുള്ളപ്പോൾ ട്വന്‍റി20 ക്രിക്കറ്റിൽ കെ.എൽ. രാഹുലിന്‍റെ ഭാവി എന്താകുമെന്ന ചോദ്യത്തിനാണ് ചോപ്രയും നിലപാട് വ്യക്തമാക്കിയത്. ട്വന്‍റി20 ഫോർമാറ്റിൽ ഇന്ത്യ അതിവേഗ കളി തുടർന്നാൽ രോഹിത്, കോഹ്ലി, രാഹുൽ എന്നിവരെപ്പോലുള്ള കളിക്കാർക്ക് അതിനോട് പൊരുത്തപ്പെടുന്നത് വെല്ലുവിളിയാകുമെന്ന് ചോപ്ര പറഞ്ഞു.

‘രാഹുലിന്റെ കേസ് ഒറ്റപ്പെട്ടതായി ഞാൻ കാണുന്നില്ല. ഈ ഫോർമാറ്റിനായി അടുത്ത തലമുറയിലെ ക്രിക്കറ്റ് കളിക്കാർ ഏറെക്കുറെ തയാറായതായി എനിക്ക് തോന്നുന്നു, മുൻ തലമുറയിലെ കളിക്കാർക്ക് പുതിയ രീതിയുടെ ഭാഗമാകുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ പുതിയ രീതിയാണ് തേടിയത്, അതേ രീതിയിൽ കളിക്കുന്നത് തുടർന്നാൽ, മുൻ തലമുറയിലെ പല താരങ്ങൾക്കും അതിന്‍റെ ഭാഗമാകാനാകില്ല’ -ചോപ്ര കൂട്ടിച്ചേർത്തു.

ഏകദിന ലോകകപ്പ് വർഷമാണിത്, എന്തായാലും ഇതിനിടെ ഇന്ത്യ ഏതാനും ട്വന്‍റി20 മത്സരങ്ങൾ കളിക്കും, പക്ഷേ അവർ കളിക്കുന്ന കുട്ടിക്രിക്കറ്റിലൊന്നും കോഹ്ലി, രോഹിത്, രാഹുൽ എന്നീ താരങ്ങളെ നിങ്ങൾക്ക് കാണാനാകില്ല. രാഹുലിന് എപ്പോൾ ടീമിലേക്ക് മടങ്ങിയെത്താനാകുമെന്നത് പോലും നിങ്ങൾക്കറിയില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, അടുത്ത 90 ദിവസത്തിനുള്ളിൽ കാര്യങ്ങൾ മാറിമാറിയുമെന്നും ചോപ്ര വ്യക്തമാക്കി.

Tags:    
News Summary - You won't see Kohli, Rohit or Rahul play T20Is -Aakash Chopra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.