കോഹ്ലിയും രോഹിത്തുമല്ല! ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുത്ത് യുവരാജ് സിങ്

ഈ ലോകകപ്പിലെ താരത്തെ കണ്ടെത്താനുള്ള അവസാന ചുരുക്കപ്പട്ടികയിൽ ഒമ്പതു പേരാണുള്ളത്. നിലവിലെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യൻ സൂപ്പർ ബാറ്റർമാരായ വിരാട് കോഹ്ലി, രോഹിത് ശർമ, പേസർ മുഹമ്മദ് ഷമി, ഓസീസ് സ്പിന്നർ ആദം സാംപ എന്നിവർക്കാണ് സാധ്യത കൂടുതൽ.

ജസ്പ്രീത് ബുംറ, ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ് വെൽ, ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡീകോക്ക്, ന്യൂസിലൻഡിന്‍റെ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങൾ. എന്നാൽ, ലോകകപ്പിന്‍റെ താരത്തിനുള്ള അവാർഡ് ആരെങ്കിലും അർഹിക്കുന്നുണ്ടെങ്കിൽ അത് മുഹമ്മദ് ഷമി മാത്രമാണെന്ന് മുൻ ഇന്ത്യൻ സൂപ്പർതാരം യുവരാജ് സിങ് പറയുന്നു. 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് ഷമി. ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്ന താരം കളിച്ച ആറു മത്സരങ്ങളിൽനിന്നാണ് ഇത്രയും വിക്കറ്റുകൾ നേടിയത്.

മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം. ഇതിൽ സെമിയിൽ ന്യൂസിലൻഡിനെതിരെ മാത്രം ഏഴു വിക്കറ്റ്. ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനു പിന്നാലെ പ്ലെയിങ് ഇലവനിലെത്തിയ ഷമിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പന്തു കൊണ്ട് ഗ്രൗണ്ടിൽ അദ്ഭുതം തീർക്കുകയായിരുന്നു. ഷമിയെ പുറത്തിരുത്താനുള്ള ടീം മാനേജ്മെന്‍റ് തീരുമാനം നേരത്തെ തന്നെ വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതെല്ലാം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കണ്ടത്. ഫൈനലിലെ പ്രകടനം കൂടി വിലയിരുത്തിയാണ് ലോകകപ്പിന്‍റെ താരത്തെ പ്രഖ്യാപിക്കുക.

‘ഇന്ത്യയുടെ ബെഞ്ചിൽ എപ്പോഴും മത്സരം ജയിപ്പിക്കാൻ കഴിവുള്ളവർ ഉണ്ടായിരുന്നു. ഹാർദിക്കിന്റെ പരിക്ക് ഒരു അനുഗ്രഹമാണെന്ന് ഞാൻ പറയില്ല, പക്ഷേ ഷമി എങ്ങനെ കളിക്കുമെന്ന് കാണാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു, ഏവരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിന് ആരെങ്കിലും അർഹനാണെങ്കിൽ അത് മുഹമ്മദ് ഷമിയാണെന്ന് എനിക്ക് തോന്നുന്നു‘ -യുവരാജ് സിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

രാഹുൽ ദ്രാവിഡും 2003ലെ ലോകകപ്പ് താരത്തിനുള്ള പുരസ്കാരത്തിന്‍റെ അടുത്തെത്തിയിരുന്നു. എന്നാൽ, ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ടു. രോഹിത് ശർമയും കഴിഞ്ഞ ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റിന് അർഹനായിരുന്നു. ഏഷ്യ കപ്പിനു മുമ്പത്തെ ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തിൽ നമുക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, ജസ്പ്രീത് ബുംറയുടെയും ശ്രേയസ്സ് അയ്യരുടെയും കെ.എൽ. രാഹുലിന്‍റെയും വരവാണ് ടീമിൽ വലിയ മാറ്റമുണ്ടാക്കിയതെന്നും യുവരാജ് അഭിപ്രായപ്പെട്ടു.

ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് കോഹ്ലി. 10 മത്സരങ്ങളിൽനിന്നായി താരത്തിന്‍റെ സമ്പാദ്യം 711 റൺസാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരെ സെഞ്ച്വറി. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ. നായകനൊത്ത പ്രകടനം നടത്തുന്ന രോഹിത് 550 റൺസുമായി റൺവേട്ടക്കാരിൽ അഞ്ചാമനാണ്. പവർ പ്ലേയിലെ താരത്തിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയിരുന്നത്. ഒരു സെഞ്ച്വറിയും മൂന്നു അർധ സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്.

Tags:    
News Summary - Yuvraj Singh Picks His Player Of The Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.