കാൻബറ: കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് വഴിയാണ് ആസ്ട്രേലിയക്കെതിരായ ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചു കയറിയത്. ഇന്ത്യൻ ഇന്നിങ്സിൻെറ അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്കിൻെറ പന്ത് ഹെൽമറ്റിൽ കൊണ്ട് പരിക്കേറ്റ രവീന്ദ്ര ജദേജക്ക് പകരം പന്തെറിയാനിറങ്ങിയ യൂസ്വേന്ദ്ര ചഹലാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
എന്നാൽ ജദേജയുടെ പകരക്കാരനായി ചഹലിനെ ഇറക്കാൻ അനുമതി നൽകിയ തീരുമാനം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ആസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ മാച്ച് റഫറി ഡേവിഡ് ബൂണിനോട് തൻെറ അതൃപ്തി പരസ്യമാക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്നിങ്സ് ബ്രേക്കിനിടെയാണ് ലാംഗർ ബൂണിനോട് പ്രതിഷേധിച്ചത്.
കളിക്കിടെ തലക്ക് പരിക്കേറ്റാല്‍ കളിക്കാരനെ മാറ്റാമെന്നതാണ് ഐ.സി.സിയുടെ കണ്‍കഷന്‍ നിയമ വ്യവസ്ഥ. ബൗൺസർ കൊണ്ട വേളയിൽ കൺകഷൻ ടെസ്റ്റിന് ജദേജ വിധേയനായിരുന്നില്ല. ബാറ്റിങ് തുടർന്ന ജദേജ അവസാന മൂന്ന് പന്തുകളിൽ നിന്ന് ഒമ്പത് റൺസ് ചേർത്തിരുന്നു. അവസാന ഓവറിലാണ് തലക്ക് ഏറ് കൊള്ളുന്നതെങ്കിൽ ഇന്നിങ്സ് ബ്രേക്കിൻെറ സമയത്ത് കൺകഷൻ ടെസ്റ്റ് നടത്താമെന്നും നിയമമുണ്ട്.
മെഡിക്കൽ സംഘം പരിശോധന നടത്തിയതിൻെറ അടിസ്ഥാനത്തിൽ ജദേജക്ക് പകരം ചഹൽ ഓസീസിനെതിരെ ബൗളിങ്ങിനിറങ്ങുമെന്ന് ബി.സി.സി.ഐ അറിയിക്കുകയായിരുന്നു.
ബൗൺസറേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ജദേജയ്ക്ക് പകരം ചഹലിനെ കളിക്കാനിറക്കിയതിനാലാണ് ലാംഗര്‍ പ്രതിഷേധിച്ചത്. മാച്ച് റഫറി ഡേവിഡ് ബൂണുമായി ലാംഗര്‍ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. പകരക്കാരനായി ഇറക്കുന്നത് തത്തുല്യ കളിക്കാരനായിരിക്കണമെന്നാണ് നിയമം.
ജദേജ ബൗളിങ് ചെയ്യുന്നതിനാൽ ചഹലിന് നറുക്കു വീഴുകയായിരുന്നു. ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെയും സ്റ്റീവൻ സ്മിത്തിനെയും വീഴ്ത്തി ചഹൽ കളി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.
മധ്യഓവറുകളിൽ തപ്പിത്തടഞ്ഞ ഇന്ത്യക്ക് ജദേജയുടെ ഇന്നിങ്‌സാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 23 പന്തിൽ നിന്ന് പുറത്താകാതെ 44 റണ്‍സടിച്ച ജദേജയാണ് സ്കോർ 150 കടത്തിയത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസീസിനെ തോൽപിച്ച് ഇന്ത്യ പര്യടനത്തിലെ ആദ്യ ജയം നേടിയപ്പോൾ ഹർദിക് പാണ്ഡ്യക്കൊപ്പം (90 നോട്ടൗട്ട) ജദേജയായിരുന്നു (66 നോട്ടൗട്ട്) ബാറ്റിങ്ങിൽ കരുത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.