ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യക്ക് വിശ്വസിക്കാവുന്ന ബൗളറാണ് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓരോവറിൽ നിർണായകമായ രണ്ടു വെസ്റ്റിൻഡീസ് ബാറ്റർമാരെ മടക്കി താരം ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയെങ്കിലും ബാറ്റർമാരുടെ മോശം പ്രകടനമാണ് തോൽവിക്കു കാരണമായത്.
നാലു റൺസിനാണ് മത്സരം ഇന്ത്യ കൈവിട്ടത്. ഈ രണ്ടു വിക്കറ്റ് നേട്ടത്തോടെ അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ താരത്തിന്‍റെ വിക്കറ്റ് നേട്ടം 93 ആയി. ട്വന്‍റി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഈ 33കാരൻ മറ്റൊരു നാഴികക്കല്ലിനരികെയാണ്. ഏഴു വിക്കറ്റ് കൂടി നേടിയാൽ താരത്തിന്‍റെ വിക്കറ്റ് നേട്ടം നൂറിലെത്തും. ട്വന്‍റി20യിൽ നൂറു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബൗളറാകും.
ബംഗ്ലാദേശിന്‍റെ ഷാകിബുൽ ഹസനാണ് ട്വന്‍റി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ. 140 വിക്കറ്റുകളാണ് താരത്തിന്‍റെ പേരിലുള്ളത്. 134 വിക്കറ്റുകളുമായി ന്യൂസിലൻഡിന്‍റെ ടീം സൗതി രണ്ടാമതും 130 വിക്കറ്റുകളുമായി റാഷിദ് ഖാൻ മൂന്നാമതും. ചാഹലിനു പിന്നിൽ 90 വിക്കറ്റുകളുമായി ഭുവനേശ്വർ കുമാറാണ് ട്വന്‍റി20യിൽ കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ.
വിൻഡീസിനെതിരെ നാലു മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ, ഈ പരമ്പരയിൽ തന്നെ ചാഹൽ അപൂർവ നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഞായറാഴ്ച രാത്രിയാണ് രണ്ടാം ട്വന്‍റി20. മത്സരം ജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇന്ത്യയുടെ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.