കൈയെത്തും ദൂരത്ത് സിംബാബ്​‍വെക്ക് നഷ്ടമായത് ഇന്ത്യയുടെ റെക്കോഡ്

ഏകദിന ലോകകപ്പിനുള്ള യോഗ്യത മത്സരത്തില്‍ യു.എസ്.എക്കെതിരെ കൂറ്റൻ ജയം നേടിയ സിംബാബ്‌വെക്ക് കൈയെത്തും ദൂരത്ത് നഷ്ടമായത് ഇന്ത്യയുടെ റെക്കോഡ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങി 409 റണ്‍സ് അടിച്ചെടുത്ത സിംബാബ്​‍വെ 304 റണ്‍സിനാണ് അമേരിക്കക്കാരെ നിലംപരിശാക്കിയത്. അമേരിക്കയുടെ മറുപടി ബാറ്റിങ് 25.1 ഓവറില്‍ 104 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പുരുഷ ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ഇക്കാര്യത്തിൽ ​റെക്കോഡ് ഇന്ത്യയുടെ പേരിലാണ്.

2023 ജനുവരി 15ന് തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന മത്സരത്തിൽ 317 റണ്‍സിന് അയൽക്കാരായ ശ്രീലങ്കയെയാണ് ഇന്ത്യ നാണംകെടുത്തിയത്. വിരാട് കോഹ്‍ലി (110 പന്തിൽ പുറത്താവാതെ 166), ശുഭ്‌മാന്‍ ഗില്‍ (97 പന്തിൽ 116) രോഹിത് ശർമ (42) എന്നിവരുടെ മികവിൽ 50 ഓവറില്‍ അഞ്ചിന് 390 റണ്‍സ് അടിച്ച ഇന്ത്യക്കെതിരെ ലങ്കയുടെ മറുപടി 22 ഓവറില്‍ വെറും 73 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് പത്തോവറിൽ 32 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ​മ​ുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 2008ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമാണ് ഇന്ത്യ അന്ന് പഴങ്കഥയാക്കിയത്. 2015ൽ ആസ്ട്രേലിയ അഫ്ഗാനിസ്താനെതിരെ നേടിയ 275 റൺസ് വിജയവും 2010ൽ ദക്ഷിണാഫ്രിക്ക സിംബാബ്​‍വെക്കെതിരെ നേടിയ 272 റൺസ് വിജയവുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

തകർപ്പൻ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ഷോണ്‍ വില്യംസാണ് സിംബാബ്​‍വെയെ റെക്കോഡ് ജയത്തിലേക്ക് മുന്നിൽനിന്ന് നയിച്ചത്. 101 പന്തില്‍ 21 ഫോറും അഞ്ച് സിക്‌സറും സഹിതം 174 റണ്‍സെടുത്ത നായകൻ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്​‍വെ ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോർ അടിച്ചുകൂട്ടിയത്. 2009ല്‍ കെനിയക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 351 ആയിരുന്നു ഇതിന് മുമ്പ് അവരുടെ ഉയ‍ര്‍ന്ന സ്കോര്‍. ഓപണര്‍മാരായ ജോയ്‌ലോഡ് ഗംബീ (103 പന്തില്‍ 78) ഇന്നസെന്‍റ് കൈയ (41 പന്തില്‍ 32) ആള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ (27 പന്തില്‍ 48) റയാന്‍ ബേള്‍ (16 പന്തില്‍ 47), തദിവാന്‍ഷെ മരുമണി (ആറ് പന്തില്‍ പുറത്താവാതെ 18) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. യു.എസ്‌.എക്കായി അഭിഷേക് പരാദ്ക‍ര്‍ മൂന്നും ജെസ്സി സിങ് രണ്ടും നൊസ്തുഷ് കെഞ്ചിഗെ ഒന്നും വിക്കറ്റ് വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ യു.എസ്‌.എക്ക് തുടക്കത്തിലേ ഓപണർമാരെ നഷ്ടമായി. സ്റ്റീവൻ ടെയ്‍ലർ പൂജ്യത്തിനും സുശാന്ത് മൊദാനി ആറ് റൺസിനുമാണ് പുറത്തായത്. 31 പന്തില്‍ 24 റൺസെടുത്ത അഭിഷേക് പരാദ്കർ ആയിരുന്നു അവരുടെ ടോപ് സ്കോറർ. ജെസ്സി സിങ് (21), ഗജാനന്ദ് സിങ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.

Tags:    
News Summary - Zimbabwe lost India's record in ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.