ദോഹ: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങളുടെ കളി കൺനിറയെ കണ്ട ഖത്തറുകാർക്ക് അത്ലറ്റിക്സിലെ ലോകതാരങ്ങളുടെ പ്രകടനം കാണാൻ ഒരു അവസരം. വെള്ളിയാഴ്ച രാത്രിയിൽ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലെ (ഖത്തർ സ്പോർട്സ് ക്ലബ്) ട്രാക്കിലും ഫീൽഡിലും നിറയുന്നത് ഒളിമ്പിക്സിലെയും ലോക ചാമ്പ്യൻഷിപ്പിലെയും സൂപ്പർ താരങ്ങളാണ്.
ഇന്ത്യക്കാരുടെ സ്വന്തം നീരജ് ചോപ്രയും ഖത്തറിന്റെ പ്രിയപ്പെട്ട ഹൈജംപ് ചാമ്പ്യൻ മുഅതസ് ബർഷിമും മുതൽ സൂപ്പർതാര നിരയാണ് ട്രാക്കിലും ഫീൽഡിലും കളത്തിലിറങ്ങുന്നത്. ഒരുപിടി അന്താരാഷ്ട്ര മത്സരങ്ങളുടെ സീസണാണ് മുന്നിലെന്നതിനാൽ ലോക അത്ലറ്റിക്സിലെ മുൻനിര താരങ്ങളെല്ലാം ദോഹയിലേക്ക് വെച്ചുപിടിച്ചിട്ടുണ്ട്. ഓരോ ഇനത്തിലും സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തവരും ഒളിമ്പിക്സ് ലോക ചാമ്പ്യന്മാരുമാണ് ദോഹയിൽ മത്സരിക്കുന്നത്.
ഒരു വർഷത്തിനുശേഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിലേക്കുള്ള സ്റ്റാർട്ടിങ് പോയന്റ് എന്ന് ദോഹയെ വിശേഷിപ്പിക്കാം. ജൂലൈയിൽ ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്, തൊട്ടുപിന്നാലെ ആഗസ്റ്റിൽ ബുഡപെസ്റ്റ് വേദിയാവുന്ന ലോക ചാമ്പ്യൻഷിപ്, ചൈനയിലെ ഗ്വാങ്ചോവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് എന്നിവയോടെ സീസണിലെ പോരാട്ടങ്ങൾ തീവ്രതയിലെത്തും. ഇതേ പ്രകടനം നിലനിർത്തി ഒളിമ്പിക്സ് യോഗ്യത ഉറപ്പിക്കുക, ഒളിമ്പിക്സ് മെഡൽ പോഡിയത്തിൽ ഇടം പിടിക്കുക എന്നതെല്ലാം താരങ്ങളുടെ ലക്ഷ്യമാണ്.
മേയിൽ തുടങ്ങി സെപ്റ്റംബറിൽ അമേരിക്കയിലെ യൂജീനിൽ നടക്കുന്ന ലീഗോടെയാണ് 14 മത്സരങ്ങൾ ഉൾപ്പെടുന്ന ഡയമണ്ട് ലീഗ് സീസൺ അവസാനിക്കുന്നത്. മേയ് അഞ്ചിന് ദോഹ കഴിഞ്ഞാൽ, മേയ് 28ന് മൊറോക്കോയിലെ റബാത വേദിയാവുന്ന ലീഗിൽ താരങ്ങൾ മാറ്റുരക്കും. പുരുഷ വിഭാഗത്തിൽ 200, 400, 800, 3000, 400 ഹർഡ്ൽസ്, ഹൈജംപ്, ട്രിപ്ൾ ജംപ്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നിവയും വനിതകൾക്കായി 100 മീ., 400 മീ., 1500 മീ., 100 ഹർഡ്ൽസ്, 3000 സ്റ്റീപ്ൾ ചേസ്, പോൾവാൾട്ട് എന്നിവയുമാണ് നടക്കുന്നത്.
ആതിഥേയ താരം മുഅതസ് ബർഷിമാണ് ദോഹ ഡയമണ്ട് ലീഗിന്റെ പ്രധാന പോസ്റ്റർ ബോയ്. ഒളിമ്പിക്സ്, ലോകചാമ്പ്യൻ തിളക്കത്തിനൊപ്പം മേളയിൽ ഏറ്റവും മിന്നുന്ന ഫോമിലുള്ള താരവും ബർഷിമാണ്. 2.43 മീറ്ററാണ് ബർഷിമിന്റെ ഏറ്റവും മികച്ച പ്രകടനം.
എന്നാൽ, ഇത്തവണ മത്സരിക്കുന്നവരിൽ ആരുംതന്നെ 2.36ന് മുകളിൽ ചാടിയവരല്ല. അമേരിക്കയുടെ യു വോൺ ഹാരിസൺ ആണ് സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായുള്ളത്.സീസണിൽ 2.33 മീറ്ററാണ് മികച്ച പ്രകടനം. കരിയർ ബെസ്റ്റ് 2.36 മീറ്ററും.800 മീറ്ററിൽ മുസാഇബ് അബ്ദുൽറഹ്മാൻ ബല്ലാ, അബ്ദുൽറഹ്മാൻ സഈദ്, 3000 മീറ്ററിൽ മുസ്അബ് ആദം എന്നിവർ ഖത്തറിനുവേണ്ടി മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.