കൊൽക്കത്ത: രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം മിനിറ്റുകൾക്കിടെ അവയത്രയും മടക്കി കളി ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുക്കുകയും അവിടെ രണ്ടുവട്ടം കിക്ക് തടുത്തിട്ട് ഗോളി വിശാൽ കെയ്ത് രക്ഷകനാകുകയും ചെയ്ത ആവേശപ്പോര് കടന്ന് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് ഫൈനലിൽ. ബംഗളൂരു എഫ്.സിക്കെതിരെ 2-2ന് തുല്യത പാലിച്ച കളിയിൽ 4-3ന് ഷൂട്ടൗട്ട് ജയിച്ചാണ് കൊൽക്കത്തക്കാർ 30ാം തവണയെന്ന റെക്കോഡുമായി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.
നോർത്ത് ഈസ്റ്റ് എഫ്.സിയാകും ശനിയാഴ്ച ഫൈനലിൽ എതിരാളികൾ. ബഗാനുവേണ്ടി ജാസൺ കമ്മിങ്സ്, മൻവീർ സിങ്, ലിസ്റ്റൺ കൊളാസോ, ദിമിത്രി പെട്രാറ്റോസ് എന്നിവരും ബംഗളൂരുവിനായി എഡ്ഗാർ മെൻഡിസ്, രാഹുൽ ഭെകെ, പെഡ്രോ കാപോ എന്നിവരും വല കുലുക്കി. സുവർണ സ്പർശവുമായി ഒരിക്കലൂടെ തിരിച്ചെത്തിയ ഇതിഹാസ താരം സുനിൽ ഛേത്രിയാണ് 42ാം മിനിറ്റിൽ ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഇടവേള കഴിഞ്ഞെത്തി വൈകാതെ യുവതാരം വിനീത് വെങ്കടേഷ് ഒരിക്കലൂടെ വല കുലുക്കി ബംഗളൂരു ലീഡുയർത്തി.
എന്നാൽ, ദിമിത്രി പെട്രാറ്റോസ് 68ാം മിനിറ്റിലും അനിരുദ്ധ ഥാപ 84ാം മിനിറ്റിലും അടിച്ചുകയറ്റിയ ഗോളുകൾ കളിയെ തുല്യതയിലാക്കി. ഇരുടീമും അവസാന മിനിറ്റുകളിൽ ഗോളടിക്കാൻ നിരന്തരം ശ്രമിച്ചെങ്കിലും കളി ഷൂട്ടൗട്ടിലേക്ക് മാറി. ആർ.ജി കാർ മെഡിക്കൽ കോളജ് പീഡനക്കൊലക്കെതിരായ പ്രക്ഷോഭം കൊൽക്കത്ത നഗരത്തെ മുൾമുനയിലാക്കിയ ദിനമായിട്ടും ബഗാൻ ഇറങ്ങിയ സാൾട്ട് ലേക് മൈതാനം ശന്തമായിരുന്നു. എന്നാൽ, തുടരെ വീണ രണ്ടു ഗോളുകൾ നാട്ടുകാരെ നിരാശയിലാഴ്ത്തിയ ഘട്ടത്തിലാണ് എല്ലാം ശരിയാകുമെന്ന പ്രഖ്യാപനവുമായി രണ്ടും തിരിച്ചുനൽകി ബഗാൻ കളിയിൽ തിരികെയെത്തിയത്.
ഛേത്രി ആദ്യ ഇലവനിൽ തന്നെ എത്തിയതിന്റെ കരുത്തിലായിരുന്നു ബംഗളൂരുവിന്റെ തുടക്കത്തിലെ പടയോട്ടം. എന്നാൽ, മലയാളി താരം സഹൽ അബ്ദുസ്സമദിനെ മുന്നിൽനിർത്തിയുള്ള ബഗാൻ തിരിച്ചുവരവ് എതിരാളികൾക്ക് പ്രതീക്ഷിക്കാവുന്നതിലുമപ്പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.