ചെന്നൈ: ദൊമ്മരാജു ഗുകേഷ് എന്ന 17കാരൻ പയ്യനെ അറിയാത്ത ഇന്ത്യക്കാർ കുറവായിരിക്കുമിന്ന്. പ്രായവും പരിചയവും കൊണ്ട് ലോകം ജയിക്കാനെത്തിയ വമ്പന്മാരെ ചതുരംഗക്കളത്തിൽ അടിയറവു പറയിച്ച ചെന്നൈക്കാരന്റെ വിരലുകളിൽ വിരിഞ്ഞ നീക്കങ്ങൾക്കു ചുറ്റുമാണിപ്പോൾ ചതുരംഗക്കളങ്ങൾ. ‘‘കാൻഡിഡേറ്റ്സിൽ അവൻ ജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. രണ്ടുമുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ എത്തിയേക്കാം.
മോശമാകും അവന്റെ കളിയെന്ന് ഞാൻ ചിന്തിക്കുന്നില്ല. എന്നുവെച്ച് വല്ലാതെ മികച്ചതാകുമെന്നും തോന്നുന്നില്ല. അത്ര വലിയ കുതിപ്പുകൾക്കു മാത്രം അവനായിട്ടില്ല’’- ടൂർണമെന്റ് തുടങ്ങുംമുമ്പ് മാഗ്നസ് കാൾസൺ എന്ന മുൻ ലോക ചാമ്പ്യന്റെ വാക്കുകളായിരുന്നു ഇത്.
ഇതു പറഞ്ഞ് നാളുകൾ കഴിയുമ്പോഴേക്ക് ചിത്രം മാറിയിരുന്നു. പഴയ പടക്കുതിരകളെ ഞെട്ടിച്ച് കളിയേറെ തീരുംമുമ്പ് പോയന്റ് നിലയിൽ തലപ്പത്തേക്കു കയറിയിരുന്ന അവൻ പിന്നെ തിരിഞ്ഞുനോക്കിയില്ല. കാൾസൺ സാധ്യത പറഞ്ഞ ഇയാൻ നെപ്പോംനിയാഷിയും കരുവാനയും നകാമുറയുമെല്ലാം ഏറിയോ കുറഞ്ഞോ അവനു പിന്നിൽനിന്നു.
ഏഴാം റൗണ്ടിൽ അലി റിസാ ഫൈറൂസ്ജയോടേറ്റ തോൽവിയാണ് തന്നെ മാറ്റിയതെന്ന് പിന്നീട് ഗുകേഷ് പറഞ്ഞു. തിരക്കുകൂട്ടി കളഞ്ഞുകുളിച്ച മത്സരത്തിനു ശേഷം പിന്നീട് അവൻ തിരിഞ്ഞുനോക്കിയില്ല. 2023ൽ വിവിധ ടൂർണമെന്റുകളിലെ വീഴ്ചകൾ 43 റേറ്റിങ് പോയന്റുകൾ നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീർക്കുന്നതായിരുന്നു പ്രകടനങ്ങളോരോന്നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.