ഏതൻസ് (ഗ്രീസ്): ലോക കായികമഹാമേളയായ വേനൽക്കാല ഒളിമ്പിക്സിന് ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ തിരിതെളിയാൻ ഇനി 100 നാൾ. ഏഴ് വർഷത്തെ ഒരുക്കങ്ങളുടെ ശുഭപര്യവസാനമായി ജൂലൈ 26നാണ് ഒളിമ്പിക്സിന് തുടക്കമാവുന്നത്. അന്നേദിവസം പാരിസിൽ ഒളിമ്പിക് ജ്വാല തെളിയിക്കാൻ ദീപശിഖയുമായി ഒളിമ്പിക്സിന്റെ ജന്മനാടായ ഗ്രീസിലെ പുരാതന ഒളിമ്പിയയിൽനിന്ന് പ്രയാണവും തുടങ്ങി.
ആഗസ്റ്റ് 11 വരെ നടക്കുന്ന മേളയിൽ 329 ഇനങ്ങളിലായി 10500 ഓളം കായിക പ്രതിഭകളാണ് മാറ്റുരക്കുക. 1900, 1924 വർഷങ്ങൾക്കുശേഷം ഇത് മൂന്നാം തവണയാണ് ഒളിമ്പിക്സ് പാരിസിലെത്തുന്നത്. ഒളിമ്പിയയിൽ ഹെറാ ദേവതയുടെ ക്ഷേത്രത്തിന് സമീപം പുരോഹിത വേഷമണിഞ്ഞ ഗ്രീക്ക് നടി മേരി മിന ദീപശിഖയിലേക്ക് ജ്വാല പകർന്നു.
ആകാശം മേഘാവൃതമായിരുന്നതിനാൽ മുൻനിശ്ചയിച്ച പോലെ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് ജ്വാലയുണ്ടാക്കാൻ കഴിഞ്ഞില്ല. തലേന്ന് ഡ്രസ് റിഹേഴ്സലിനിടെ ജ്വലിപ്പിച്ചതാണ് ദീപശിഖയിലേക്ക് പകർന്നത്. യുദ്ധങ്ങളും സംഘർഷങ്ങളും വർധിച്ചുവരുന്ന ദുഷ്കര സമയത്ത് ഒളിമ്പിക് ജ്വാല പ്രതീക്ഷയുടെ പ്രതീകമാണെന്ന് ചടങ്ങിൽ സംസാരിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.
ആളുകൾ അനുദിനം അഭിമുഖീകരിക്കുന്ന വിദ്വേഷവും ആക്രമണവും നിഷേധാത്മക വാർത്തകളും കൊണ്ട് മടുത്തിരിക്കുകയാണ്. നമ്മളെ ഒന്നിപ്പിക്കുന്ന, ഏകീകരിക്കുന്ന, പ്രത്യാശ നൽകുന്ന ഒന്നിനായി തങ്ങൾ കൊതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രയാണത്തിലെ പ്രഥമ ഓട്ടക്കാരനായ ഗ്രീസിന്റെ ഒളിമ്പിക്സ് തുഴച്ചിൽ ജേതാവ് സ്റ്റെഫാനോസ് നൗസ്കോസിന്റെ ടോർച്ചിലേക്കാണ് ആദ്യ ജ്വാല കൈമാറിയത്. ചെറിയ ഓട്ടത്തിനുശേഷം അദ്ദേഹം ആതിഥേയ നഗരത്തിന്റെ പ്രതിനിധി ഫ്രാൻസിനായി നീന്തലിൽ മൂന്നുതവണ ഒളിമ്പിക് മെഡൽ നേടിയ ലോർ മനൗഡൗവിന് പകർന്നു. ഒളിമ്പിക്സ് ദീപശിഖ പ്രയാണത്തിന് നേതൃത്വം വഹിക്കുന്നത് ലോർ മനൗഡൗ ആണ്.
ഗ്രീസിലുടനീളം 11 ദിവസത്തെ പ്രയാണത്തിനുശേഷം ഏപ്രിൽ 26 ന് 1896ലെ ആദ്യത്തെ ആധുനിക ഗെയിംസ് നടന്ന ആതൻസിലെ പാനഥെനൈക് സ്റ്റേഡിയത്തിൽവെച്ച് ജ്വാല ഔദ്യോഗികമായി പാരിസ് ഒളിമ്പിക്സ് സംഘാടകർക്ക് കൈമാറും. തുടർന്ന് ഫ്രാൻസിലേക്ക് കപ്പലിൽ പുറപ്പെടും.
മേയ് എട്ടിന് ഫ്രാൻസിലെ മാഴ്സെയിലിൽ ദീപശിഖയെത്തും. പഴയ തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ഒന്നരലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ അവസാനടോർച്ച് വഹിക്കുന്നയാൾ ഒമ്പതിന് വെലോഡ്റം സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ കയറും.
ആതിഥേയ രാജ്യത്ത് 68 ദിവസത്തെ പ്രയാണത്തിനുശേഷം ജൂലൈ 26ന് ഒളിമ്പിക് ജ്വാല തെളിക്കുന്നതോടെ പാരീസിൽ സമാപിക്കും. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലും റഷ്യൻ, ബെലാറഷ്യൻ അത്ലറ്റുകൾക്ക് ഒളിമ്പിക്സിൽ മത്സരിക്കാൻ ഐ.ഒ.സി വഴിയൊരുക്കിയിട്ടുണ്ട്. ദേശീയപതാകയോ ഗാനമോ ഇല്ലാത്ത നിഷ്പക്ഷ അത്ലറ്റുകളായാണ് അവർ ഇറങ്ങുക.
ന്യൂഡൽഹി: കോവിഡ് കാരണം 2021ൽ നടന്ന 2020ലെ ടോക്യോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ പ്രാതിനിധ്യം. 124 പേരാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി ചരിത്രം കുറിച്ച ഒളിമ്പിക്സിൽ ഏഴ് മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇന്ത്യ നടത്തി. ഇത്തവണ യോഗ്യത മത്സരങ്ങൾ ബാക്കിനിൽക്കെ എത്രപേർ പങ്കെടുക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
20 ഇന്ത്യൻ ഷൂട്ടർമാർ ഇതിനകം യോഗ്യത മാർക്ക് കടന്നിട്ടുണ്ട്. അത് ലറ്റിക്സിൽ 13 പേരും. ഇവരിൽ ആരെയൊക്കെ അയക്കുമെന്ന കാര്യത്തിൽ തീരുമാനം വരാനുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ പടലപ്പിണക്കങ്ങൾ കല്ലുകടിയായി നിലനിൽക്കുന്നു. ദൗത്യസംഘം മേധാവിയായിരുന്ന ബോക്സിങ് മുൻ ലോക ചാമ്പ്യൻ എം.സി മേരി കോം ഇയ്യിടെ സ്ഥാനമൊഴിഞ്ഞു. ഒളിമ്പിക്സ് ഷൂട്ടിങ് സ്വർണ ജേതാവ് അഭിനവ് ബിന്ദ്ര ദീപശിഖ പ്രയാണത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.