ചെന്നൈ: ടൊറോന്റോയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ജേതാവായി മടങ്ങിയെത്തിയ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ഗംഭീര സ്വീകരണം. ചെന്നൈ വിമാനത്താവളത്തിൽ പുലർച്ച മൂന്നു മണിക്കാണ് ഗുകേഷ് വിമാനമിറങ്ങിയത്. ഗുകേഷിന്റെ രക്ഷിതാക്കളും ബന്ധുക്കളും ഈ കൗമാരതാരം പഠിച്ച വേലമ്മാൾ വിദ്യാലയത്തിലെ 80ഓളം വിദ്യാർഥികളും മാധ്യമപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേർ വിമാനത്താവളത്തിൽ തടിച്ചുകൂടി.
കാനഡയിൽ നിന്ന് അബൂദബി വഴി നീണ്ട 14 മണിക്കൂർ യാത്രക്ക് ശേഷമാണ് താരം അരമണിക്കൂർ നേരത്തേ വിമാനമിറങ്ങിയത്. പിതാവ് ഡോ. രജനീകാന്തിനും ചെസ് ഫെഡറേഷന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഭാരവാഹികൾക്കുമൊപ്പം പുറത്തിറങ്ങിയ ഗുകേഷിനെ ആർപ്പുവിളികളോടെ വിദ്യാർഥികളും ആരാധകരും സ്വീകരിച്ചു. തലപ്പാവും മാലയും ചാർത്തി ആദരവുമേകി.
പിന്നീട് വാർത്തസമ്മേളനം. പുലർച്ച ഉറക്കമൊഴിച്ചെത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ടെലിവിഷൻ ചാനലുകൾക്കായി ഒറ്റക്കുള്ള ഇന്റർവ്യൂവിനിടയിലും ഗുകേഷിന്റെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു. ഒടുവിൽ ആളെത്തി.
ഗുകേഷിനായി ജോലി പോലും ഉപേക്ഷിച്ച മൈക്രോബയോളജിസ്റ്റായിരുന്ന അമ്മ പത്മ. വിമാനം അരമണിക്കൂർ നേരത്തേ എത്തുമെന്ന് അമ്മ നിനച്ചിരുന്നില്ല. ചാനലുകളുമായി സംസാരിക്കുന്നതിനിടെ ധൃതിയിലെത്തുന്ന അമ്മയെയും ബന്ധുക്കളെയും ഗുകേഷ് കണ്ടു. അഭിമാനത്തോടെ മകന് ആലിംഗനവും ചുംബനവുമേകി ഡോ. പത്മ. പിന്നീട് വീണ്ടും മാധ്യമങ്ങൾക്ക് പ്രതികരണം.
കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പങ്കെടുക്കുകയെന്നത് ഏത് ചെസ് താരത്തിന്റെയും ആഗ്രഹമാണെന്നും ഈ ടൂർണമെന്റിൽ ജയിക്കുകയെന്നത് പ്രത്യേക സന്തോഷമേകുന്നതെന്നും ഗുകേഷ് പറഞ്ഞു. ‘നാട്ടിലേക്കുള്ള വരവിൽ ഏറെ സന്തോഷം തോന്നുന്നു. ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച സ്ഥാനത്തെത്താനായി. ഒന്നാമതെത്തുമെന്ന് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു. ഭാഗ്യവും എനിക്കൊപ്പമായി’ -ഗുകേഷ് പറഞ്ഞു.
കൂടുതൽ പേർ ചെസ് ആസ്വദിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും തമിഴ്നാട് സർക്കാറിന് നന്ദി പറയുന്നതായും ചെസ് സൂപ്പർ താരം പറഞ്ഞു. അച്ഛനും അമ്മക്കും പരിശീലകനും സുഹൃത്തുക്കൾക്കും കുടുംബത്തിനും സ്പോൺസർക്കും തന്റെ സ്കൂളിനും ഗുകേഷ് നന്ദിയറിയിച്ചു.
വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. ആനന്ദ് എല്ലാവർക്കും പ്രചോദനമാണെന്നും തന്റെ കരിയറിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഗുകേഷ് അഭിപ്രായപ്പെട്ടു. ടൂർണമെന്റിന്റെ ഏഴാം റൗണ്ടിൽ അലിറേസ ഫിറൗജയോട് തോറ്റത് തികച്ചും വേദനജനകമായിരുന്നു. പിന്നീട് കൂടുതൽ കരുത്തോടെ തിരിച്ചെത്താനായി.
തോൽവികളിൽ പതറാതിരിക്കാനും താൻ പഠിച്ചുതുടങ്ങി. ആർ. പ്രഗ്നാനന്ദയടക്കമുള്ള താരങ്ങൾ മികവുള്ളവരാണെന്നും ഏറ്റവും മികച്ചവനാകാനാണ് തന്റെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനുമായി ഈ വർഷം അവസാന പാദത്തിൽ ഗുകേഷ് ഏറ്റുമുട്ടും.
ലിറനും താനും ചില റാപ്പിഡ് ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. കരുത്തനായ താരമാണ് ലിറൻ. പക്ഷേ, വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്നും ഗുകേഷ് പറഞ്ഞു. ലോക ചാമ്പ്യൻഷിപ് പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ അഭിമാനകരമായ നിമിഷമാണിതെന്ന് പിതാവ് ഡോ. രജനീകാന്ത് പറഞ്ഞു.
2019 ജനുവരിയിൽ 12 വയസ്സും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായി മാറിയ ഗുകേഷിന് നിലവിൽ 2743 ആണ് ഫിഡെ റേറ്റിങ്. കഴിഞ്ഞ വർഷം ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ പുരുഷ ടീമിനത്തിൽ നേടിയ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിൽ ഈ താരമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.