ഏഴാം റൗണ്ടിലെ പരാജയത്തിന് ശേഷം എട്ടാം റൗണ്ടിൽ വിജയത്തോടെ തിരിച്ചുവന്നത് മാത്രം മതിയാവും ഡി. ഗുകേഷിന്റെ കാലിബർ മനസ്സിലാക്കാൻ. ഇന്ത്യൻ ചെസ് ഡി. ഗുകേഷ്, അർജുൻ എറിഗേസി, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവരിലൂടെ പഴയകാല സോവിയറ്റ് യൂനിയന്റെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്നു. വരും ദിനങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ തേരോട്ടം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ടോറന്റോയിൽ കാൻഡിഡേറ്റ് ടൂർണമെന്റ് തുടങ്ങുമ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ മുഴുവൻ പ്രഗ്നാനന്ദയിൽ ആയിരുന്നു, ഗുകേഷിന് അത്രകണ്ട് സാധ്യത വിദഗ്ധർ കണ്ടിരുന്നില്ല. ഏഴാം റൗണ്ടിലെ പരാജയം അത് ഉറപ്പിക്കുന്നതായിരുന്നു.
മുമ്പ് ഗാറി കാസ്പറോവുമായി വേൾഡ് ചാമ്പ്യൻഷിപ്പിന് വേണ്ടി ഏറ്റുമുട്ടിയ ഇംഗ്ലീഷ് ഗ്രാൻഡ്മാസ്റ്റർ നിജിൽ ഷോർട്ടിന്റെ ഇന്നലത്തെ കമന്റ് അതിനോട് കൂട്ടിയോജിപ്പിക്കാവുന്നതാണ്. 13 റൗണ്ടുകൾക്ക് ശേഷം ഗുകേഷ് അര പോയന്റിന് ഒറ്റക്ക് മുന്നിലെത്തുമെന്ന് കരുതിയിരുന്നില്ലെന്ന്. അതുപോലെ രണ്ടാം സ്ഥാനത്തുള്ളവർ എല്ലാം കിരീടം പ്രതീക്ഷിച്ചവരാണെന്നും.
കഴിഞ്ഞ ഒമ്പത് വർഷത്തോളമായി ചെസ്സിന് വേണ്ടി മാറ്റിവെച്ച രാജനീകാന്ത് എന്ന ഗുകേഷിന്റെ അച്ഛന് ആശ്വസിക്കാം, താൻ തെളിച്ച വഴി കൃത്യം ആയിരുന്നുവെന്ന്. മത്സരിച്ച എട്ടുപേരിൽ എല്ലാവരും ഒന്നിനൊന്നു മികച്ചവർ. അതിൽതന്നെ രണ്ടു തവണ ചാമ്പ്യനായ ഇയാൻ നെപോംനിയാഷി, ഒരു തവണ ജേതാവായ ഫാബിയോ കരുവാന, ലോക മൂന്നാം നമ്പർ താരം ഹികാരു നകാമുറ അടക്കമുള്ളവരും. അലിറെയെ പോലുള്ള സൂപ്പർ താരങ്ങളും. പിന്നെ ഇന്ത്യയിൽ നിന്നും ഗുകേഷിന്റെ സഹതാരങ്ങളായ പ്രഗ്നാനന്ദയും ഗുജറാത്തിയും.
ഏറ്റവും മികച്ച ഒരു കാൻഡിഡേറ്റ് ടൂർണമെന്റായാണ് ഇത്തവണത്തെ കളികൾ വിലയിരുത്തുന്നത്. 13 റൗണ്ട് കഴിഞ്ഞപ്പോൾ കിരീടസാധ്യതയുമായി നാലുപേർ ഉണ്ടായിരുന്നുവെന്നത് ടൂർണമെന്റിന്റെ മാറ്റുകൂട്ടുന്നു. കറുത്ത കരുക്കളുമായിറങ്ങി നകാമുറയെ സമനിലയിൽ തളക്കുകയായിരുന്നു ഗുകേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.