കായികമേള വിലക്ക്: നാവാമുകുന്ദ സ്കൂളിൽനിന്ന് 12 ദേശീയതാരങ്ങൾക്ക് അവസരം നഷ്ടമാകും

മലപ്പുറം: എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേള സമാപനചടങ്ങിൽ പ്രതിഷേധിച്ചതിനെ തുടർന്ന് തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിനെ അടുത്ത മേളയിൽനിന്ന് വിലക്കിയാൽ അവസരം നഷ്ടപ്പെടുന്നത് 12 ദേശീയതാരങ്ങൾക്ക്. എന്നാൽ, വിലക്കേർപ്പെടുത്തിയ വിവരം ഔദ്യോഗികമായി സ്കൂളിനെ അറിയിച്ചിട്ടില്ല. സ്കൂളിന് രണ്ടാം സ്ഥാനം നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹരജി നാവാമുകുന്ദ സ്കൂൾ ഹൈകോടതിയിൽ നേരത്തേതന്നെ സമർപ്പിച്ചിട്ടുണ്ട്.

കോതമംഗലം മാർബേസിൽ ഹയർ സെക്കൻഡറി സ്‌കൂളിനെയും വിലക്കിയിട്ടുണ്ട്. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിനെ റണ്ണറപ്പാക്കിയതിനെതിരെയാണ് മേളയിൽ രണ്ടു സ്‌കൂളുകളിലെയും വിദ്യാർഥികൾ പ്രതിഷേധിച്ചത്. അത്‍ലറ്റിക്‌സിൽ കൂടുതൽ പോയൻറ് നേടിയവരിൽ ജനറൽ സ്കൂളുകൾക്കൊപ്പം സർക്കാർ സഹായമുള്ള സ്പോർട്‌സ് സ്കൂളുകളെയും പരിഗണിച്ചതാണ് പ്രതിഷേധത്തിന് കാരണം. കായികമേള വെബ്സൈറ്റിലടക്കം അത്‍ലറ്റിക്‌സിൽ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, നാവാമുകുന്ദ എച്ച്.എസ്‌. തിരുനാവായ, മാർബേസിൽ എച്ച്.എസ്.എസ് കോതമംഗലം എന്നിവയായിരുന്നു ഒന്നു മുതൽ മൂന്നു വരെ സ്ഥാനത്ത്.

എന്നാൽ, ട്രോഫി നൽകിയപ്പോൾ തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിനെ രണ്ടാംസ്ഥാനക്കാരായി ക്ഷണിച്ചതാണ് പ്രതിഷേധങ്ങളുടെ തുടക്കം. ഇതോടെ റാങ്കിൽ പിന്നാക്കംപോയ നാവാമുകുന്ദ എച്ച്.എസ്.എസ്, കോതമംഗലം മാർബേസിൽ എച്ച്.എസ് എന്നിവിടങ്ങളിലെ മത്സരാർഥികളാണ് പ്രതിഷേധവുമായെത്തിയത്. കായികമേളയുടെ വെബ്സൈറ്റിൽ ഈ സ്കൂളുകളായിരുന്നു പോയന്റ് പട്ടികയിൽ രണ്ടും മുന്നും സ്ഥാനത്ത്. പ്രശ്ന‌ം പരിഹരിക്കാമെന്ന് വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചതോടെ രംഗം ശാന്തമായി. എന്നാൽ, മന്ത്രിയും ഉദ്യോഗസ്ഥരും വേദി വിട്ടതോടെ പ്രതിഷേധം ശക്തമായി.

ട്രാക്കിലൂടെ പ്രകടനവുമായി മത്സരാർഥികൾ രംഗത്തിറങ്ങി. ഇതാണ് വിലക്കിയ ഉത്തരവ് വരാൻ കാരണം. ആദ്യമായി സംസ്ഥാന കായികോത്സവത്തിൽ അത്‌ലറ്റിക്സിൽ മലപ്പുറം ജില്ല കിരീടം ചൂടിയത് നാവാമുകുന്ദ സ്കൂളിന്റെ മികച്ച പ്രകടനത്താലായിരുന്നു. രണ്ടു സ്വർണവും ഒമ്പതു വെള്ളിയും ഏഴു വെങ്കലവുമടക്കം 44 പോയന്റാണ് തിരുനാവായ മലപ്പുറത്തിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്തത്.

സർക്കാറിനെ സമീപിക്കുമെന്ന് മാർ ബേസിൽ സ്‌കൂൾ

കോതമംഗലം: സ്കൂ‌ൾ കായികമേളയിലെ വിലക്ക് മറികടക്കുന്നതിന് സർക്കാറിനെ സമീപിക്കുമെന്ന് മാർ ബേസിൽ സ്‌കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ. വിദ്യാർഥികളുടെ ഭാഗത്തുനിന്ന് വൈകാരിക പ്രകടനമാണ് മേളയിൽ ഉണ്ടായത്. കുട്ടികളുടെ ഭാവി മുന്നിൽക്കണ്ടാണ് സമവായത്തിന് ശ്രമിക്കുന്നത്. മാനേജ്മെന്‍റിനോ അധ്യാപകർക്കോ പ്രതിഷേധത്തിൽ ബന്ധമില്ല.

കഴിഞ്ഞ 26 വർഷമായി കായികമേളയിൽ സജീവമായ സ്കൂളാണിത്. നിലവിൽ 150 കുട്ടികൾക്ക് ഈ സ്‌കൂളിൽതന്നെ താമസിച്ച് പരിശീലനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന വേദിയിൽ പ്രതിഷേധിച്ചതിന് തിരുനാവായ നാവാമുകുന്ദ സ്കൂ‌ളിനെയും കോതമംഗലം മാർ ബേസിൽ സ്‌കൂളിനെയും കായികമേളയിൽനിന്ന് ഒരു വർഷത്തേക്ക് വിലക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി ജോൺ എം.എൽ.എ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കത്ത് നൽകി. ഒട്ടേറെ ദേശീയ - അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത മാതൃകാ വിദ്യാലയമാണിത്. വിലക്കുമായി മുന്നോട്ടുപോയാൽ ഒട്ടേറെ കായികതാരങ്ങളുടെ അവസരം നഷ്ടമാകുന്നത് മാത്രമല്ല കുട്ടികൾക്ക് കടുത്ത മാനസിക സംഘർഷത്തിനും കാരണമാകും. വിദ്യാർഥികളുടേത് വൈകാരിക പ്രതിഷേധം മാത്രമായിരുന്നു എന്ന് കണക്കാക്കി, കടുത്ത തീരുമാനം പിൻവലിക്കണമെന്ന് കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - Ban on sports meet: 12 national players lose opportunity from Navamukunda School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT