സിംഗപ്പൂർ: ചതുരംഗക്കളത്തിലെ വിശ്വചക്രവർത്തിയെ തീരുമാനിക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച സിംഗപ്പൂരിലെ റിസോർട്സ് വേൾഡ് സെന്റോസയിൽ കരുനീക്കം തുടങ്ങും. 138 വർഷത്തെ ചരിത്രത്തിലാദ്യമായി രണ്ട് ഏഷ്യൻ താരങ്ങൾ നേർക്കുനേർ വരുന്ന ലോക പോരാട്ടം ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷും നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനും തമ്മിലാണ്. കാൻഡിഡേറ്റ്സ് ചെസിൽ ജേതാവായാണ് ചെന്നൈ സ്വദേശിയായ 18കാരൻ യോഗ്യത നേടിയത്. വിശ്വനാഥൻ ആനന്ദിനുശേഷം ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ഗുകേഷ്. ഏകദേശം 20.80 കോടി രൂപയാണ് സമ്മാനത്തുക.
കഴിഞ്ഞ തവണ റഷ്യയുടെ ഇയാൻ നെപോംനിയാഷിയെ തോൽപിച്ചാണ് ലിറെൻ ലോക ജേതാവായത്. നിലവിലെ ലോക 23ാം റാങ്കുകാരനാണ്. അഞ്ചാം റാങ്കിലുള്ള ഗുകേഷാണ് ഇന്ന് നീക്കം തുടങ്ങുക. വെള്ളക്കരുക്കളുമായി ആരംഭിക്കുന്ന ഗുകേഷിന് ആദ്യ റൗണ്ടിൽതന്നെ മേധാവിത്വം നേടാനായാൽ ലഭിക്കുന്ന മാനസിക മുൻതൂക്കവും വലുതായിരിക്കും. ഇരുവരും ഇതുവരെ ഏറ്റുമുട്ടിയപ്പോൾ ഗുകേഷിന് ജയിക്കാനായിട്ടില്ല. ഡിസംബർ 12 വരെ നീളുന്ന 14 റൗണ്ടുകളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ആദ്യം 7.5 പോയന്റ് നേടുന്നയാളാണ് ജേതാവാകുക. 14 റൗണ്ട് പൂർത്തിയാവുമ്പോൾ ഒരേ പോയന്റാണെങ്കിൽ ഡിസംബർ 13ലെ ടൈ ബ്രൈക്കർ ലോക ചാമ്പ്യനെ തീരുമാനിക്കും. റാപ്പിഡ്, മിനി റാപ്പിഡ്, ബ്ലിറ്റ്സ്, സഡൻ ഡെത്ത് ബ്ലിറ്റ്സ് മാച്ചുകളാണ് ടൈ ബ്രൈക്കർ റൗണ്ടിലുള്ളത്. വിജയിയെ നിശ്ചയിക്കാൻ ആവശ്യമെങ്കിൽ മാത്രമാണ് ഇവ ഓരോന്നും കളിക്കുക.
മുഖാമുഖം
മത്സരങ്ങൾ 3
ലിറെൻ ജയം 2
സമനില 1
ഡിങ് ലിറെൻ (ചൈന)
ഫിഡേ റേറ്റിങ് 2728
ലോക റാങ്ക് 23
ഡി. ഗുകേഷ് (ഇന്ത്യ)
ഫിഡേ റേറ്റിങ് 2783
ലോക റാങ്ക് 5
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.