ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കും ആഴ്സണലിനും മുന്നേറ്റം; പി.എസ്.ജിയെ മറികടന്ന് ബയേൺ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി സ്മനിലകുരുക്ക് നേരിട്ടപ്പോൾ മറ്റ് വമ്പൻമാരായ ബാഴ്സലോണ, ആഴ്സനൽ, ബയേൺ മ്യൂണിക്ക് ടീമുകൾക്ക് തകർപ്പൻ വിജയം. സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ ആഴ്‌സനല്‍ തോല്‍പ്പിച്ചപ്പോള്‍ ബ്രെസ്റ്റിനെ കീഴടക്കി ബാഴ്‌സ വിജയക്കുതിപ്പ് തുടര്‍ന്നു. ബയേൺ മ്യൂണിക്ക് കരുത്തരായ പി.എസ്ജിയെയാണ് മറികടന്നത്.

ലിസ്ബണില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ പരാജയപ്പെടുത്തിയത്. ആഴ്‌സനലിന് വേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (7'), കൈ ഹവേര്‍ട്‌സ് (22'), ഗബ്രിയേല്‍ മഗല്‍ഹേസ് (45+10), ബുകായോ സാക (65'), ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് (82') എന്നിവര്‍ ഗോളടിച്ചു. 47-ാം മിനിറ്റില്‍ ഗോണ്‍സാലോ ഇനാസിയോ ആണ് സ്‌പോര്‍ട്ടിങ്ങിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി നിലവില്‍ ഏഴാമതാണ് ആഴ്‌സനല്‍.

അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ് ബാഴ്‌സലോണ. ഫ്രഞ്ച് ക്ലബ്ബായ ബ്രെസ്റ്റിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ വിജയം. ബാഴ്‌സയുടെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുമായി തിളങ്ങി. ഡാനി ഒല്‍മോയും ബാഴ്‌സയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ.

ഫ്രഞ്ച് ക്ലബ്ബായ  പാരിസ് സെന്റ് ജെർമെയ്നെ ഒരു ഗോളിനാണ് ബയേൺ മ്യൂണിക്ക് കീഴടക്കിയത്. ഡിഫന്‍ഡര്‍ കിം മിന്‍-ജെയാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തിൽ സാല്‍സ്ബര്‍ഗിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ബയേർ ലെവർകൂസൻ തകര്‍ത്തു. വിജയത്തോടെ പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും ലെവര്‍കൂസന് സാധിച്ചു.

Tags:    
News Summary - uefa champions league results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.