കാലിക്കറ്റ് സർവകലാശാല അത്‍ലറ്റിക്സ് മീറ്റ് പുരുഷ വിഭാഗത്തിൽ ചാമ്പ്യൻമാരായ സെന്റ് തോമസ് കോളജ് ടീം

കാലിക്കറ്റ് അത്‍ലറ്റിക്സ് മീറ്റ്: സെന്റ് തോമസിനും മേഴ്സിക്കും കിരീടം; എട്ട് മീറ്റ് റെക്കോഡുകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അത്‍ലറ്റിക്സ് മീറ്റ് പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസിനും വനിത വിഭാഗത്തിൽ പാലക്കാട് മേഴ്സിക്കും കിരീടം. പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻമാരായ സെന്റ് തോമസ് കോളജ് 110 പോയന്റും മേഴ്സി കോളജ് 72 പോയന്റും നേടിയാണ് ജേതാക്കളായത്. 15 സ്വർണം, ഏഴ് വെള്ളി, നാല് വെങ്കലം എന്നിവയാണ് സെന്റ് തോമസിന്റെ നേട്ടം.

എട്ട് സ്വർണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവയാണ് മേഴ്സിയുടെ സമ്പാദ്യം. മീറ്റിൽ മൊത്തം എട്ട് റെക്കോഡുകൾ കുറിച്ചു. 5000 മീറ്റർ ഓട്ടം, 20 കിലോമീറ്റർ നടത്തം, ഡിസ്കസ് ത്രോ, 4 X 400 മീറ്റർ റിലേ, 800 മീറ്റർ, ജാവലിൻ ത്രോ എന്നിവയിലെല്ലാം സെന്റ് തോമസിന്റെ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരിശീലകരായ അജിത്ത് അശോകൻ, സുഭാഷ് എന്നിവർക്ക് കീഴിൽ 36 അത്‍ലറ്റുകളാണ് ഇത്തവണ മീറ്റിനെത്തിയത്. 100, 200, 800 മീറ്ററുകൾ, 4 x 400 മീറ്റർ റിലേ എന്നിവയിലാണ് മേഴ്സി മുന്നേറിയത്.

മീറ്റിന്റെ സമാപന ദിനത്തിൽ ഉച്ചക്ക് ശേഷമായിരുന്നു മേഴ്സി ടീമിന്റെ മുന്നേറ്റം. ഇതിന് മുമ്പ് 2017ലാണ് മേഴ്സി വനിത വിഭാഗത്തിൽ ചാമ്പ്യൻമാരായത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനമായിരുന്നു. സ്പോർട്സ് അക്കാദമി കോച്ച് കെ.പി. ശ്രീനാഥ്, പാലക്കാട് ഒളിമ്പിക്സ് അക്കാദമിയിലെ സി. ഹരിദാസ്, മകൻ അർജുൻ ഹരിദാസ്, കെ.പി. വിശ്വജിത്ത്, കെ. സുരേന്ദ്രൻ, കെ. രമേശ് എന്നിവരുടെ പരിശീലന മികവിലാണ് 20 അത്‍ലറ്റുകളെ മത്സരത്തിന് ഇറക്കിയുള്ള മേഴ്സിയുടെ തിരിച്ചുവരവ്.

കാലിക്കറ്റ് സർവകലാശാല അത്‍ലറ്റിക്സ് മീറ്റ് വനിത വിഭാഗത്തിൽ ചാമ്പ്യൻമാരായ മേഴ്സി കോളജ്, പാലക്കാട്

പുരുഷ വിഭാഗത്തിൽ 67 പോയന്റ് സ്വന്തമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് റണ്ണറപ്പ്. അഞ്ച് സ്വർണം, 11 വെള്ളി, ആറ് വെങ്കലം എന്നിവയാണ് ക്രൈസ്റ്റിന്റെ പുരുഷ ടീം സ്വന്തമാക്കിയത്. രണ്ട് സ്വർണം, ഒരു വെള്ളി, നാല് വെങ്കലം എന്നിവയുമായി 21 പോയന്റ് നേടിയ പാലക്കാട് വിക്ടോറിയക്കാണ് ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനം. വനിത വിഭാഗത്തിൽ റണ്ണറപ്പായ ക്രൈസ്റ്റ് കോളജ് 68 പോയന്റാണ് നേടിയത്. ആറ് സ്വർണം, 10 വെള്ളി, അഞ്ച് വെങ്കലം എന്നിവ ക്രൈസ്റ്റിന്റെ വനിത ടീം സ്വന്തമാക്കി. അഞ്ച് സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം എന്നിവയുമായി 43 പോയന്റ് കരസ്ഥമാക്കിയ തൃശൂർ വിമലക്കാണ് മൂന്നാം സ്ഥാനം.

മീറ്റിന്റെ സമാപന ദിനത്തിൽ നാല് മീറ്റ് റെക്കോഡുകളാണ് പിറന്നത്. ഇവയടക്കം മൊത്തം എട്ട് റെക്കോഡുകളാണ് മീറ്റിലുണ്ടായത്. മേഴ്സി കോളജിലെ എസ്. മേഘയാണ് വനിത വിഭാഗത്തിലെ മികച്ച അത്‍ലറ്റ്. പുരുഷ വിഭാഗത്തിൽ ചിറ്റൂർ ഗവ. കോളജിലെ ജെ. റിജോയ് മികച്ച അത്‍ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനത്തിൽ സർവകലാശാല വൈസ് ചാൻസലർ പ്രഫസർ ഡോ. പി. രവീന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. കായിക വിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലേക്കുള്ള കാലിക്കറ്റ് സർവകലാശാല ടീമിനെ പ്രഖ്യാപിച്ചു. ഡിസംബർ 26 മുതൽ 30 വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് ദേശീയ ചാമ്പ്യൻഷിപ്.

Tags:    
News Summary - Calicut Athletics Meet: St. Thomas and Mercy Won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT