മലപ്പുറം: ഫുട്ബാൾ വിരുന്നൊരുക്കാൻ കേരളത്തിൽ ആദ്യമായെത്തുന്ന സൂപ്പർ കപ്പിന് കോഴിക്കോടും മഞ്ചേരിയും ഒരുങ്ങുന്നു. ഏപ്രിൽ മൂന്നുമുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തുടങ്ങുന്ന യോഗ്യത റൗണ്ട് മത്സരങ്ങളോടെ ടൂർണമെന്റിന് തുടക്കമാവും. നേരത്തേ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലായിരുന്നു യോഗ്യത മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
10 ഐ ലീഗ് ടീമുകൾ യോഗ്യത മത്സരങ്ങൾക്ക് പങ്കെടുക്കും. യോഗ്യത നേടുന്ന ടീമുകൾ ഗ്രൂപ് ഘട്ടത്തിൽ നേരത്തേ യോഗ്യത നേടിയ ഐ.എസ്.എൽ ടീമുകളോട് മത്സരിക്കും. ഏപ്രിൽ മൂന്ന്, അഞ്ച്, ആറ് തീയതികളിൽ മഞ്ചേരിയിൽ രണ്ട് വീതം മത്സരങ്ങൾ ഉണ്ടാകും. സൂപ്പർ കപ്പിലെ ഗ്രൂപ് മത്സരങ്ങൾ എട്ടുമുതൽ കോഴിക്കോടും ഒമ്പതുമുതൽ മഞ്ചേരിയിലും തുടങ്ങും.
എട്ടിന് ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സി യോഗ്യത റൗണ്ടിലെ വിജയിക്കുന്ന ടീമുമായി മത്സരിക്കും. രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്.സിയെ നേരിടും. ഒമ്പതിന് മഞ്ചേരിയിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി പ്രാഥമിക റൗണ്ട് മൂന്നിലെ വിജയികളെ നേരിടും.
രണ്ടാമത്തെ മത്സരത്തിൽ ഒഡിഷ എഫ്.സി ഈസ്റ്റ് ബംഗാളിനെ നേരിടും. എപ്രിൽ 21, 22 തീയതികളിൽ സെമി ഫൈനൽ നടക്കും. ഏപ്രിൽ 25ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. വൈകീട്ട് അഞ്ചിനും രാത്രി 8.30നുമാണ് മത്സരങ്ങൾ നടത്തുന്നത്. മഞ്ചേരിയിൽ 19 മത്സരങ്ങളും കോഴിക്കോട്ട് 14 മത്സരങ്ങളുമാണ് നടക്കുക.
പയ്യനാട്ട് നടക്കുന്ന സൂപ്പർ കപ്പിനൊപ്പം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബാളിനുള്ള ഇന്ത്യൻ പ്രതിനിധികളെ നിശ്ചയിക്കാനുള്ള മത്സരം നടത്താനും തീരുമാനമായി. 2021-22 സീസണിലെ ഐ.എസ്.എൽ ഷീൽഡ് വിജയികളായ ജാംഷഡ്പുർ എഫ്.സിയും 2022-23 സീസൺ വിജയികളായ മുംബൈ സിറ്റി എഫ്.സിയും തമ്മിലാണ് മത്സരം. ഏപ്രിൽ നാലിനാണ് ഇരുടീമുകളും തമ്മിലുള്ള പോരാട്ടം. 300ഓളം വിദേശ താരങ്ങൾ പങ്കെടുക്കുന്ന സൂപ്പർ കപ്പിൽ ടൂർണമെന്റിൽ കൂടുതൽ ഫുട്ബാൾ ആരാധകരെത്തുന്ന പ്രതീക്ഷയിലാണ് സംഘാടകർ.
കോട്ടപ്പടി സ്റ്റേഡിയം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം, ദേവഗിരി കോളജ് സ്റ്റേഡിയം എന്നിവയാണ് പരിശീലന മൈതാനങ്ങൾ. സൂപ്പർ കപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നടന്ന വാർത്തസമ്മേളനത്തിൽ കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) പ്രസിഡന്റ് ടോം ജോസ്, കെ.എഫ്.എ ജനറൽ സെക്രട്ടറി അനിൽ കുമാർ, ട്രഷറർ ശിവകുമാർ, വൈസ് പ്രസിഡന്റ് കെ. അബ്ദുൽ കരീം, എക്സിക്യൂട്ടിവ് അംഗം എം. മുഹമ്മദ് സലീം, മലപ്പുറം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ, ഡി.എഫ്.എ സെക്രട്ടറി പി.എം. സുധീർ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.