കൊച്ചി: തിമിർത്തുപെയ്ത മഴയെയും വീശിയടിച്ച കാറ്റിനെയും നിഷ്പ്രഭമാക്കി മഹാരാജാസിന്റെ സിന്തറ്റിക് ട്രാക്കിൽ കൗമാര കേരളത്തിന്റെ കുതിപ്പ്. വെടിയുണ്ട പോലെ പാഞ്ഞ എറണാകുളത്തിന്റെ അൻസാഫ് കെ. അഷ്റഫും ആലപ്പുഴയുടെ ആർ. ശ്രേയയും കൗമാര കായിക കേരളത്തിന്റെ പുതിയ വേഗരാജാവും റാണിയുമായി. 100 മീറ്ററിൽ ട്രാക്കിൽ തീപ്പൊരി ചിന്തിയാണ് ഇരുവരും മീറ്റിലെ ആദ്യ സ്വർണം നേടിയത്. കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിലെ താരമായ അൻസാഫ് 10.81 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. മലപ്പുറം തിരുനാവായ നവമുകുന്ദ എച്ച്.എസ്.എസിലെ സി.വി മുഹമ്മദ് ഷാമിൽ (11.04 സെക്കന്റ്) വെള്ളിയും കാസർകോട് പട്ല ജി.എച്ച്.എസ്.എസിലെ അബ്ദുല്ല ഷൗനീസ് വെങ്കലവും നേടി.
സീനിയർ വിഭാഗം പെൺകുട്ടികളെക്കാളും 100 മീറ്ററിൽ മികച്ച ദൂരം കണ്ടെത്തിയാണ് ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ആർ.ശ്രേയ 66ാമത് സംസ്ഥാന കായികമേളയിലെ വേഗറാണിയായത്. 12.54 സെക്കൻഡിലാണ് ശ്രേയ ഫിനിഷ് ചെയ്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തിരുവനന്തപുരം സായിയുടെ അനന്യ സുരേഷ് (12.58 സെക്കൻഡ്) വെള്ളി നേടിയപ്പോൾ തൃശൂർ ആർ.എം.ഹയർ സെക്കന്‍ഡറി സ്കൂളിലെ സി.എസ്. അന്ന മരിയക്കാണ് (12.87 സെക്കൻഡ്) മൂന്നാം സ്ഥാനം.
സീനിയർ പെൺകുട്ടികളിൽ തിരുവ നന്തപുരം ജി.വി.രാജയുടെ ഇ.പി രഹ്ന രഘു (12.62സെക്കൻഡ്) സ്വർണവും മലപ്പുറം തിരുനാവായ നവമുകുന്ദ എച്ച്.എസ്.എസിലെ ആദിത്യ അജി (12.72 സെക്കൻഡ്) വെള്ളിയും പത്തനംതിട്ട അടൂർ സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസിലെ എച്ച്.അനാമിക (12.77 സെക്കൻഡ്) വെങ്കലവും നേടി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഫോട്ടോഫിനിഷായിരുന്നു.
കാസർകോട് ജി.എച്ച്.എസ്.എസ് അംഗഡിമൊഗറിലെ ബി.എ നിയാസ് 12.40 സെക്കൻഡിൽ സ്വർണവും നേടിയപ്പോൾ 12.41 സെക്കൻഡിൽ കൊല്ലം ലിറ്റിൽ ഫ്ലവർ എച്ച്.എസിന്റെ എസ്. സൗരവ് വെള്ളിയും 12.43 സെക്കൻഡിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പി.കെ.സായൂജ് വെങ്കലവും സ്വന്തമാക്കി. സബ് ജൂനിയർവിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ ഇടുക്കി കാൽവരിമൗണ്ട് സി.എച്ച്.എസിലെ ദേവപ്രിയ ഷൈബു (13.17 സെക്കൻഡ്) സ്വർണം നേടി. പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ പി.നികിത (13.36) വെള്ളിയും പാലക്കാട് ഭാരത് മാത എച്ച്.എസ്.എസിലെ ജി.അനയ്യ (13.53) വെങ്കലവും സ്വന്തമാക്കി. മത്സരത്തിനിടയിൽ മഴ പെയ്തത് താരങ്ങളുടെ പ്രകടനത്തെ സാരമായി ബാധിച്ചതായി പരിശീലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.