ഭാഗ്യചിഹ്നം മൗലി
ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരവാവേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും വലിയ കായിക മഹോത്സവമായ ദേശീയ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ജനുവരി 28നാണ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനമെങ്കിലും ട്രയാത്തലണോടെ മത്സരരംഗമുണരും. ഇനി 20 ദിവസം ഉത്തരാഖണ്ഡായിരിക്കും രാജ്യത്തിന്റെ കായിക തലസ്ഥാനം. മുഴുവൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും കേന്ദ്ര ഡിപ്പാർട്ട്മെന്റുകളിൽനിന്നുമായി പതിനായിരത്തിലധികം താരങ്ങൾ സ്വർണം തേടിയിറങ്ങും.
ഇന്ത്യയുടെ ഒളിമ്പിക്സ്
ഹിമാലയൻ മലനിരകളാൽ സമ്പുഷ്ടവും പ്രകൃതി സുന്ദരവുമായ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിപ്പിക്കപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷം കൂടിയാണ് 38ാമത് ദേശീയ ഗെയിംസ്. ഫെബ്രുവരി 14 വരെ നീളുന്ന മത്സരങ്ങൾക്ക് 28 സംസ്ഥാനങ്ങൾ, എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവക്കൊപ്പം സർവിസസും കളത്തിലിറങ്ങുന്നു, ആകെ 37 ടീമുകൾ. 35 ഇനങ്ങളാണ് ഗെയിംസിലുള്ളത്.
28ന് ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഡെറാഡൂണും ഹൽദ്വാനിയുമാണ് പ്രധാന വേദികൾ. തനക്പുർ, പിതാറോഗഡ്, അൽമോര, ഭിംതാൽ, ഖതിമ, ഹരിദ്വാർ, ടെഹ്റി, ഋഷികേശ്, രുദ്രാപുർ എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.
ഡെറാഡൂണിൽ നാല് വേദികളാണുള്ളത്. മഹാപ്രതാപ് സ്പോർട്സ് കോംപ്ലക്സ് ആണ് ഇതിൽ പ്രധാനം. അത്ലറ്റിക്സ് ഉൾപ്പെടെ 10 ഇനങ്ങൾ ഇവിടെ നടക്കും. രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയം, പരേഡ് ഗ്രൗണ്ട് എന്നിവയും ഡെറാഡൂണിലാണ്. ഹൽദ്വാനിയിലും നാല് വേദികളുണ്ട്.
നീന്തൽ, ഫുട്ബാൾ തുടങ്ങിയ പ്രധാന ഇനങ്ങൾ ഇവിടെ നടക്കും. ഇന്ത്യയുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന ദേശീയ ഗെയിംസിന്റെ 37ാം പതിപ്പ് 2023 അവസാനം ഗോവയിലാണ് നടന്നത്. മയിലിന്റെ സാദൃശ്യമുള്ള ബഹുവർണ പക്ഷി ഹിമാലയൻ മൊണാൽ ആണ് ഭാഗ്യചിഹ്നം, പേര് മൗലി.
കേരളത്തിൽനിന്ന് 437 താരങ്ങൾ
കൊടും തണുപ്പിലും മെഡൽവേട്ട പ്രതീക്ഷിച്ചാണ് കേരളം ഇറങ്ങുന്നത്. 437 താരങ്ങൾ സംസ്ഥാനത്തെ പ്രതിനിധീകരിക്കും. 113 ഒഫീഷ്യൽസും കൂടെയുണ്ട്. അത്ലറ്റിക്സിൽ മാത്രം 52 പേരെയാണ് കേരളം അണിനിരത്തുന്നത്. കേരളത്തിന്റെ അന്താരാഷ്ട്ര താരങ്ങളിൽ ബഹുഭൂരിപക്ഷവും ഇക്കുറി അത്ലറ്റിക്സിൽ മത്സരിക്കാത്തത് സംസ്ഥാനത്തിന് തിരിച്ചടിയാണ്.
ഗോവയിൽ മെഡൽ വാരിക്കൂട്ടിയ കളരിപ്പയറ്റ് ഇക്കുറി പക്ഷേ പ്രദർശന ഇനമാക്കി. ഇതിലെ 22 വിഭാഗങ്ങളിലും മത്സരിച്ച കേരളം മെഡലുകൾ തൂത്തുവാരി. 19 സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് താരങ്ങൾ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. കേരളം അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു.
ഒളിമ്പ്യൻ സജൻ പ്രകാശ് ഇറങ്ങുന്ന നീന്തൽ, വോളിബാൾ, റോവിങ്, കനോയിങ്-കയാക്കിങ്, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങളിലെല്ലാം സംസ്ഥാനം വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. കേരളത്തിന്റെ ബീച്ച് ഹാൻഡ്ബാൾ, ട്രയാത്തലൺ, തുഴച്ചിൽ, വുഷു ടീമുകൾ ഇതിനകം ഉത്തരാഖണ്ഡിലെത്തി. ഇന്ന് വോളിബാൾ, ബാസ്കറ്റ്ബാൾ, ഖോ ഖോ, റഗ്ബി ടീമുകളും പറന്നിറങ്ങും.
ഇ- മാലിന്യ മെഡൽ; ഓരോ മരവും
ഹരിത ഗെയിംസ് എന്ന പ്രമേത്തിലാണ് മേള നടത്തുന്നത്. ദേശീയ ഗെയിംസിൽ മെഡൽ നേടുന്ന ഓരോ കായികതാരവും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ പേരിൽ ഒരു മരം നടും. ഇത് സുഗമമാക്കുന്നതിന്, വേദികൾക്ക് സമീപം ‘സ്പോർട്സ് ഫോറസ്റ്റ്’ വികസിപ്പിച്ചിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളും വൃക്ഷത്തൈകൾ നടും. പതിനായിരത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാമെന്നാണ് പ്രതീക്ഷ. വിവിധ മത്സരങ്ങളിലായി 4350 മെഡലുകൾ നൽകും. ഇ-മാലിന്യത്തിൽനിന്നാണ് ഈ മെഡലുകൾ നിർമിച്ചിരിക്കുന്നത്.
ദേശീയ ഗെയിംസിൽ കേരളത്തിനായി ഇറങ്ങുന്ന ട്രയാത്ലൺ ടീം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.