ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് വനിത ബാസ്കറ്റ്ബാളിൽ പങ്കെടുക്കുന്ന കേരള താരങ്ങൾ ഡറാഡൂണിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി കേരളം. 5X5 വനിത ബാസ്കറ്റ്ബാളിൽ കേരളം ഇന്ന് ഇറങ്ങും. ഉത്തര്‍പ്രദേശാണ് എതിരാളി. വൈകീട്ട് 5 മണിക്കാണ് മത്സരം. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന കളി ഉദ്ഘാടനം കാരണം പുനഃക്രമീകരിക്കുകയായിരുന്നു.
വോളിബാളില്‍ പുരുഷ വനിതാ ടീമുകളും ഇന്ന് മത്സരിക്കും. വനിതാ ടീം ബംഗാളിനെയും പുരുഷന്മാർ സര്‍വിസസിനെയും നേരിടും. പുരുഷവിഭാഗം ഖോഖോയില്‍ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന കേരളം മഹാരാഷ്ട്രയെ നേരിടും. വനിതാ വിഭാഗം ബീച്ച് ഹാൻഡ്ബാളില്‍ വിജയം തുടരുന്ന കേരള ടീം മൂന്നാം മത്സരത്തില്‍ ബംഗാളിനെ നേരിടും.
വനിതാ പുരുഷ റഗ്ബിയിലും കേരളം മത്സരിക്കും. പുരുഷ വിഭാഗത്തില്‍ മഹാരാഷ്ട്രയും വനിതാ വിഭാഗത്തില്‍ ബംഗാളുമാണ് എതിരാളി. പ്രദര്‍ശന മത്സരമായി കളരിയും ഇന്ന് ആരംഭിക്കും. വനിതാ, പുരുഷ വിഭാഗം സ്വാഡ് സ്വാഡ്, മെയ്പയറ്റ്, ചുവടുകള്‍, ഉറുമിയും ഷീൽഡ്, ഉറുമി വീശല്‍, വനിതാ വിഭാഗം കൈപ്പെരു നിരായുധ പോരാട്ടം, പുരുഷ വിഭാഗം ലോങ് സ്റ്റാഫ് ഫൈറ്റ് ഇനങ്ങൾ ഇന്നുണ്ട്. 10 മീറ്റർ എം.ടി.ആർ എയർ റൈഫിളിൽ വിദർശ കെ. വിനോദ് മത്സരിക്കും. വുഷുവിലും കേരളത്തിന് മത്സരമുണ്ട്.
ഡറാഡൂൺ: കഴിഞ്ഞ മൂന്ന് ദേശീയ ഗെയിംസുകളിൽ രണ്ടെണ്ണത്തിലും വനിത ബാസ്കറ്റ്ബാളിൽ കേരളം സ്വർണം നേടിയിരുന്നു. ഗോവയിൽ ലഭിച്ച സ്വർണ മെഡൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് കോർട്ടിലിറങ്ങുന്നത്. ഇത്തവണ പുരുഷ ടീമിന് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.
വനിത 3X3 ഇനത്തിലും കേരളത്തിന് മത്സരമുണ്ട്. ഇപ്പോൾ നാല് സെഷൻ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ഉത്തർപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ കളി. ഗ്രൂപ് എയിൽ പഞ്ചാബ്, ഉത്തർ പ്രദേശ്, ഉത്തരഖണ്ഡ് എന്നിവർക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം.
ഹൽദ്വാനി: ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിനായി മെഡല്‍ തേടി സജന്‍ പ്രകാശ് ഇന്ന് ഇറങ്ങും. പുരുഷ വിഭാഗം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫൈ സ്ട്രോക് എന്നീ ഇനങ്ങളിൽ മത്സരിക്കും. ദേശീയ ഗെയിംസ് ചരിത്രത്തിൽ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍.
ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ബീച്ച് ഹാൻഡ്ബാളിൽ വിജയം തുടർന്ന് കേരളം. ഇന്നലെ (28-01-24) നടന്ന രണ്ടാം മത്സരത്തിൽ കേരളം ഛത്തിസ്ഗഢിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു. ഇരു പകുതിയിലും രണ്ടു ടീമുകളും ഓരോ വിജയം നേടി തുല്യത പാലിച്ചതിനാൽ ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. ആദ്യ ഷൂട്ടൗട്ട് 4-4 ന് സമനിലയിൽ പിരിഞ്ഞു. രണ്ടാം ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ ഐശ്വര്യ രക്ഷകയായി. 1-0ന് കേരളം വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.