ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ദേശീയ ഗെയിംസ് നീന്തൽ 100 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ വെങ്കലം നേടുന്ന കേരളത്തിന്റെ സജൻ പ്രകാശ് -മുസ്തഫ അബൂബക്കർ
38ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനപ്പിറ്റേന്ന് കേരളത്തിന് സ്വർണപ്രതീക്ഷയുണ്ടായിരുന്നു. ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവുമധികം മെഡലുകൾ നേടിയ മലയാളിയായ സജൻ പ്രകാശ് നീന്തൽക്കുളത്തിലിറങ്ങുമ്പോൾ പൊന്നുവാരിത്തുടങ്ങുമെന്നാണ് കരുതിയത്. എന്നാൽ, പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ലൈയിലും താരം മൂന്നാംസ്ഥാനത്തായി. മെഡൽപ്പട്ടികയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞതിൽ കേരളത്തിന് ആശ്വസിക്കാം. 200 മീറ്റർ ബട്ടർഫ്ലൈയിൽ കൂടി സജൻ ഇറങ്ങുന്നുണ്ട്.
ഗോലാപാറിലെ മാനസ്ഖണ്ഡ് തരന്തലിൽ ബുധനാഴ്ച രാവിലെ നടന്ന ഹീറ്റ്സിൽ 200 മീറ്റർ ഫ്രീസ്റ്റൈൽ മൂന്നാംസ്ഥാനവും 100 മീറ്റർ ബട്ടർഫ്ലൈയിൽ ഒന്നാംസ്ഥാനവും നേടിയാണ് ഇടുക്കി സ്വദേശിയും കേരള പൊലീസ് താരവുമായ സജൻ ഫൈനലിലെത്തിയത്. ഇഷ്ട ഇനമായ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണം ഉറപ്പിച്ചതായിരുന്നു താരം. വൈകുന്നേരം 200 മീറ്റർ ഫ്രീസ്റ്റൈൽ ഫൈനലാണ് ആദ്യം നടന്നത്. ഇതിൽ തുടക്കം മുതലേ ലീഡ് ചെയ്ത നിലവിലെ റെക്കോഡുകാരനും കർണാടകയുടെ ഒളിമ്പ്യനുമായ ശ്രീഹരി നടരാജ് ഒരു മിനിറ്റ് 50.57 സെക്കൻഡിൽ സ്വർണവും അദ്ദേഹത്തിന്റെ നാട്ടുകാരൻ തന്നെയായ അനീഷ് എസ്. ഗൗഡ ഒരു മിനിറ്റ് 52.42 സെക്കൻഡിൽ വെള്ളിയും നേടി. ഒരു മിനിറ്റ് 53.73 സെക്കൻഡിലായിരുന്നു സജന്റെ വെങ്കലം.
മിനിറ്റുകൾക്കകം തന്നെ 100 മീറ്റർ ബട്ടർഫ്ലൈ ഫൈനലിലും നടന്നു. സജൻ വീണ്ടും നീന്തൽക്കുളത്തിലേക്ക്. കേരളം ആദ്യ സ്വർണം കാത്തിരിക്കവെ ചാമ്പ്യന്‍ പിഴച്ചു. തമിഴ്നാടിന്റെ ബെനഡിക്റ്റൻ രോഹിത്തിനും (53.89) മഹാരാഷ്ട്രയുടെ മിഹിർ ആംബ്രെക്കും (54.24) പിറകിൽ 54.52 സെക്കൻഡിൽ മൂന്നാംസ്ഥാനം മാത്രം. വനിതകളുടെ 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ഫൈനലിൽ കേരളമുണ്ടായിരുന്നു. കർണാടകയും മഹാരാഷ്ട്രയും തമിഴ്നാടും യഥാക്രമം സ്വർണവും വെള്ളിയും വെങ്കലവും നേടിയപ്പോൾ കേരളം ആറാംസ്ഥാനത്തായി.
വനിത ബീച്ച് ഹാൻഡ്ബാൾ: കേരളം സെമിയിൽ
വനിത ബീച്ച് ഹാന്‍ഡ്ബാളില്‍ തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം സെമി ഫൈനലിന് യോഗ്യത നേടി. ബംഗാളിനെ രണ്ട് പകുതിയിലും പരാജയപ്പെടുത്തിയാണ് മുന്നേറ്റം. കേരളത്തിന് വേണ്ടി അല്‍ഫോന്‍സ പത്തും അശ്വതി ഏട്ടും പോയിന്റ് വീതം നേടി. ഇന്ന് നടക്കുന്ന സെമിയില്‍ അസ്സമിനെ നേരിടും വിജയിക്കുകയാണെങ്കില്‍ മെഡല്‍ ഉറപ്പിക്കാം. ഷൂട്ടിംങില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കേരളത്തിന്റെ വിദര്‍ഷ കെ വിനോദ് ഫൈനലില്‍ പ്രവേശിച്ചു. യോഗ്യത റൗണ്ടില്‍ 633 പോയിന്റ് നേടി നാലാം സ്ഥാനക്കാരിയായിയാണ് യോഗ്യത നേടിയത്. ഫൈനല്‍ ഇന്ന് നടക്കും.
വോളിയിലും ബാസ്കറ്റ്ബാളിലും ജയത്തുടക്കം
5x5 വനിതാ ബാസ്ക്കറ്റ്ബാളില്‍ കേരളം ജയത്തോടെ തുടങ്ങി. ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെയാണ് തോല്‍പ്പിച്ചത്. 73-37 നാണ് സ്കോര്‍. വനിതകളുടെ വോളിബളിലും ജയിച്ചു. എതിരില്ലാത്ത മൂന്ന് സെറ്റിന് ബംഗാളിനെ തോല്‍പ്പിച്ചു. പുരുഷ വിഭാഗം റഗ്ബിയില്‍ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ട കേരള ടീം രണ്ടാം മത്സരത്തില്‍ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ച് സെമി സാധ്യത നിലനിര്‍ത്തി. വുഷുവില്‍ സാന്ദ 65 കിലോ ഗ്രാം വിഭാഗത്തില്‍ കേരളത്തിന്റെ സഫീറും 75 കിലോ ഗ്രാം വിഭാഗത്തില്‍ മുഹമ്മദ് സിനാനും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. വനിത വിഭാഗം വാട്ടര്‍പോളോയില്‍ എതിരില്ലാത്ത 25 ഗോളിന് തമിഴ്നാടിനെ തോല്‍പ്പിച്ച് കേരളം വനിതകളും തുടങ്ങി.
കളരിയിൽ വാരി കേരളം
ദേശീയ ഗെയിംസ് കളരിപ്പയറ്റ് പ്രദര്‍ശന മത്സരത്തില്‍ കേരളത്തിന് 11 സ്വര്‍ണം. മെയ്പയറ്റ്. ചുവടുകള്‍, വാള്‍പ്പയറ്റ്, ഉറുമിപ്പയറ്റ്, ഉറുമി വീശ്, കൊട്ടുകാരി, കൈപ്പോര് ഇനങ്ങളിലാണ് ആദ്യ ദിനം മത്സരിച്ചത്. കഴിഞ്ഞ തവണ ഗോവയിൽ കളരിപ്പയറ്റ് മത്സര ഇനമായിരുന്നു. അന്ന് 19 സ്വർണമടക്കം 22 മെഡലുകൾ നേടി.
ഫുട്ബാളിൽ കേരളം ഇന്ന് മണിപ്പൂരിനെതിരെ
ഹൽദ്വാനി: ദേശീയ ഗെയിംസ് പുരുഷ ഫുട്ബാളില്‍ കേരളത്തിന് ഇന്ന് ആദ്യ പോരാട്ടം. ഹല്‍ദ്വാനിയിലെ ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സില്‍ ഉച്ചക്ക് രണ്ടിന് മണിപ്പൂരിനെതിരെയാണ് മത്സരം. ഡല്‍ഹി, സര്‍വിസസ് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഗ്രൂപ്പില്‍ ബിയിലാണ് കേരളമുള്ളത്. ഫെബ്രുവരി ഒന്നിന് ഡൽഹിയെയും മൂന്നിന് സർവിസസിനെയും നേരിടും.ഇയ്യിടെ നടന്ന സന്തോഷ് ട്രോഫി ഫുട്ബാളിൽ ഫൈനലിലെത്തിയ കേരളം പക്ഷെ ദേശീയ ഗെയിംസിന് പുതുനിരയെയാണ് ഇറക്കിയിരിക്കുന്നത്. പരിചയ സമ്പന്നർ ടീമിൽ നന്നേ വിരളം. ഷഫീഖ് ഹസനാണ് പരിശീലകൻ. 1997ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസിൽ വെള്ളി നേടിയപ്പോൾ പിറ്റേവർഷം ഗോവയിൽ വെങ്കലമായിരുന്നു.
ഉത്തരാഖണ്ഡിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവാത്തതും അസുഖവുമാണ് ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും പിറകിൽപ്പോവാനുള്ള കാരണമെന്ന് കേരള നീന്തൽ താരം സജൻ പ്രകാശ്. തണുപ്പ് പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റം മൂലം തൊണ്ടയിൽ അണുബാധയുണ്ട്. പരിശീലനത്തിനും വേണ്ടത്ര സമയം ലഭിച്ചില്ല. 200 മീറ്റർ ബട്ടർഫ്ലൈയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.