ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി ദേശീയ ഗുസ്തി താരങ്ങൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത് വെള്ളിയാഴ്ച രാത്രി കായിക മന്ത്രി അനുരാഗ് ഠാകൂറുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചകൾകൊടുവിൽ.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരണ്‍ സിങ് എം.പിക്കെതിരായ ലൈംഗിക അതിക്രമ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചെന്നും അന്വേഷണം പൂർത്തിയാകുംവരെ മാറിനിന്ന് സഹകരിക്കുമെന്നും മന്ത്രി നൽകി ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സർക്കാറിന്റെ ഉർപ്പിൽ പൂർണ വിശ്വാസമുണ്ടെന്ന് ഒളിമ്പ്യൻ ബജ്റങ് പുനിയ പറഞ്ഞു. ഒരു മാസമാണ് സമയം അനുവദിച്ചത്. അതിനിടക്ക് നീതി പുലരുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.
ഞായറാഴ്ച സമരമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ,ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി ദിനേഷ് തോമറിനെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തത് താരങ്ങൾക്ക് പ്രതീക്ഷയേകുന്നുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം മൂന്നംഗ സമിതിയുണ്ടാക്കും. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും സമിതി പരിശോധിക്കും. കായിക മന്ത്രി അനുരാഗ് താക്കുറുമായി കായിക സെക്രട്ടറി സുജാത ചതുർവേദിയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ സന്ദീപ് പ്രധാനും ശനിയാഴ്ച രണ്ട് മണിക്കുറിലേറെ ഇതുസംബന്ധിച്ച് ചർച്ച നടത്തി.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ മാറ്റുകയും നിലവിലെ ഫെഡറേഷൻ പിരിച്ചുവിടുകയും ചെയ്യണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചു നിന്നതോടെ വെള്ളിയാഴ്ച രാവിലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം കൂടുതൽ ശക്തമാകുമെന്ന് കണ്ടതോടെ വെള്ളിയാഴ്ച രാത്രി എട്ടിന് മന്ത്രി വീണ്ടും ചർച്ചക്ക് വിളിപ്പിച്ച് ആവശ്യങ്ങളിൽ നടപടിയെടുക്കാമെന്ന ഉറപ്പ് നൽകുകയായിരുന്നു.
ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച താരങ്ങൾക്ക് രഹസ്യ അജണ്ടയുണ്ടെന്നാണ് റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പറയുന്നത്. താരങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല പ്രതിഷേധം അരങ്ങേറുന്നത്. ഇന്ത്യയിൽ ഗുസ്തി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയല്ല. ചില വ്യക്തിഗതവും രഹസ്യവുമായ അജണ്ട ഇതിലുണ്ടെന്നും ഗുസ്തി ഫെഡറേഷൻ യുവജന ക്ഷേമ മന്ത്രാലയത്തിന് നൽകിയ കത്തിൽ ആരോപിക്കുന്നു.
നിലവിലെ മികച്ച, കർക്കശമായ മാനേജ്മെന്‍റിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് താരങ്ങൾ പ്രതിഷേധമിരിക്കുന്നത്. പ്രതികൂല സാഹചര്യം സൃഷ്ടിച്ച് പൊതു സമ്മർദം രൂപവത്കരിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കത്തിൽ വിശദീകരിച്ചു.
ആരോപണങ്ങൾ പഠിച്ച് 10 ദിവസത്തിനകം പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്ക് റിപ്പോർട്ട് നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) നിയോഗിച്ച സമിതിയിലെ അംഗമായ യോഗേശ്വർ ദത്ത് അറിയിച്ചു. ഐ.ഒ.എ അധ്യക്ഷ പി.ടി. ഉഷക്ക് കായിക താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേരികോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹ്ദേവ് യാദവ് അടങ്ങുന്ന ഏഴംഗ സമിതിയെയാണ് നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.