യൂറോപ ലീഗിലും വിജയക്കുതിപ്പ് തുടർന്ന് ബയേർ ലെവർകുസൻ. പ്രീ-ക്വാർട്ടറിന്റെ രണ്ടാംപാദ മത്സരത്തിൽ അസർബെയ്ജാനിൽനിന്നുള്ള ഖാരാബാഗിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജർമൻ ക്ലബ് വീഴ്ത്തിയത്. തോൽവി മുന്നിൽ കണ്ട ടീമിനെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ പാട്രിക് ഷിക്ക് ഇരട്ട ഗോളിലൂടെ നാടകീയ ജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ സാബി അലോൻസോയുടെ ടീമിന്റെ പരാജയമറിയാത്ത കുതിപ്പ് 37 മത്സരങ്ങളായി ഉയർന്നു.
മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ലെവർകുസന് ആദ്യപകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ അഞ്ച് ഗോളും വീണത്. 58ാം മിനിറ്റിൽ അബ്ദുല്ല സൗബിറിന്റെ ഹെഡർ ഗോളിൽ ഖാറാബാഗ് ആണ് ആദ്യഗോൾ നേടിയത്. ഇതിന് പിന്നാലെ ലെവർകുസൻ താരം ജെറമി ഫ്രിംപോങ്ങിനെ വീഴ്ത്തിയതിന് ഖാറാബാഗിന്റെ എൽവിൻ കഫാർഗുലിയേവ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എന്നാൽ, നാല് മിനിറ്റിനകം ഖാറാബാഗ് ലീഡുയർത്തി ലെവർകുസനെ ഞെട്ടിച്ചു. വലതുവിങ്ങിൽനിന്ന് വെസോവിച് നൽകിയ ക്രോസ് ജുനിഞ്ഞോ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ആദ്യപാദത്തിൽ രണ്ട് ഗോൾ വീതമടിച്ച് ഇരുനിരയും സമനിലയിൽ പിരിഞ്ഞിരുന്നതിനാൽ ഇതോടെ ഖാരാബാഗ് 4-2ന് മുന്നിലെത്തി.
എന്നാൽ, 72ാം മിനിറ്റിൽ ജെറമി ഫ്രിംപോങ്ങിലൂടെ ലെവർകുസൻ ഒരു ഗോൾ മടക്കി. ഇടതുവിങ്ങിൽനിന്ന് ഗ്രിമാൾഡോ നൽകിയ ക്രോസ് എതിർ ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ വലയിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഗോളടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ഏറെ കാലത്തിന് ശേഷം തോൽവി മുന്നിൽ കണ്ട ടീമിനായി ഇഞ്ചുറി ടൈമിൽ ചെക്ക് റിപ്പബ്ലിക് സ്ട്രൈക്കർ പാട്രിക് ഷിക്ക് രക്ഷകനായി അവതരിച്ചു. 93ാം മിനിറ്റിൽ അലക്സ് ഗ്രിമാൾഡോയുടെ ക്രോസിന് കാൽവെച്ചായിരുന്നു സമനില ഗോൾ. എന്നാൽ, മത്സരത്തിലെ ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ എസകീൽ പലാസിയോയുടെ ക്രോസ് ഷിക്ക് ഹെഡറിലൂടെ വലയിലെത്തിച്ചതോടെ ലെവർകുസൻ സ്വപ്നവിജയവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.